കെ ടി ജലീൽ എംഎൽഎക്കെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ വക്കീൽ നോട്ടീസ് അയച്ചു. ജലീലിന് പരാജയ ഭീതിയാണെന്നും അതിനാലാണ് തൻ്റെ പേര് വലിച്ചിഴക്കുന്നതെന്നും സന്ദീപ് വാര്യർ ആരോപിച്ചു.
പാലക്കാട്: കെ ടി ജലീൽ എംഎൽഎക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മുസ്ലിങ്ങളുടെ കഴുത്തിൽ ടയർ ഇട്ടു കത്തിച്ച് പാകിസ്ഥാനിലേക്ക് അയക്കണം എന്ന് സന്ദീപ് വാര്യർ പറഞ്ഞു എന്നാണ് ജലീലിന്‍റെ ആരോപണം. അങ്ങനെ പറഞ്ഞു എങ്കിൽ, ജലീൽ കൂടി ഭാഗം ആയ സർക്കാർ അല്ലെ ഭരിക്കുന്നതെന്നും അറസ്റ്റ് ചെയ്തുകൂടേയെന്നും സന്ദീപ് വാര്യർ ചോദിക്കുന്നു.
കെ ടി ജലീലിന് ഇപ്പോൾ പരാജയ ഭീതിയാണ്. അതാകാം തന്‍റെ പേര് വലിച്ചിഴയ്ക്കുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. താൻ തവനൂരിൽ മത്സരിക്കുമെന്ന മാധ്യമ വാർത്തകൾ കണ്ടാകാം പേടി. എന്നാൽ അങ്ങനെ ഒരു ചർച്ചയും പാർട്ടിയിൽ ഉണ്ടായിട്ടില്ല. ആട് പച്ചില തിന്നുംപോലെ ഇപ്പോൾ ജലീൽ നിലപാട് മാറ്റുന്നുവെന്ന് സന്ദീപ് വാര്യർ പരിഹസിച്ചു. നേരത്തെ മത്സരിക്കില്ല എന്നു പറഞ്ഞു, ഇപ്പോൾ പിണറായി പറഞ്ഞാൽ മത്സരിക്കുമെന്ന് പറയുന്നുവെന്നും സന്ദീപ് വാര്യർ വിമർശിച്ചു.


