അന്തർ സംസ്ഥാന ബസുകളില്‍ ജൂൺ 1 മുതൽ ജിപിഎസ് വേണം, വ്യവസ്ഥ കർശനമാക്കി സർക്കാർ

By Web TeamFirst Published Apr 25, 2019, 12:27 PM IST
Highlights

ലൈസൻസ് വ്യവസ്ഥകൾ കർശനമാക്കുമെന്നും സ്പീഡ് ഗവർണർ നിർബന്ധമാക്കുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. നിരക്ക് നിയന്ത്രണം പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ സമിതിയെ ചുമതലപ്പെടുത്തി. 

തിരുവനന്തപുരം: അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ ചട്ടലംഘനം കര്‍ശനമായി നേരിടുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബുക്കിംഗ് ഏജന്‍സികളുടെ ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കും. കൊളള നിരക്ക് ഈടാക്കുന്നത് തടയുന്നതിനെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമതലപ്പെടത്താനും തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.

എല്ലാ അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്കും സ്പീഡ് ഗവര്‍ണര്‍ നിര്‍ഡബന്ധമാക്കി. ജൂണ്‍ ഒന്നിന് മുമ്പ് എല്ലാ ബസ്സുകളിലും ജിപിഎസ് ഘടിപ്പിക്കണം.യത്രിക്കാരില്‍ നിന്നും കൊള്ളനിരക്ക് ഈടാക്കുന്നതായി പരാതികളുണ്ട്. നിലവിലെ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഇത് എങ്ങിനെ തടയാം എന്ന് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത് ചേര്‍ന്ന് ഉന്നതതലയോഗത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും, കെഎസ്ആര്‍ടിസി എം ഡിയും. എഡിജിപി മംനോജ് എബ്രഹാമും പങ്കെടുത്തു.

സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗതാഗതവകുപ്പ് കര്‍ശന നടപടി സ്വീകരിച്ചത്. അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ കൃത്യമായ കണക്ക് സര്‍ക്കാരിന്‍റെ പക്കലില്ല. അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് പെര്‍മിറ്റെടുത്ത ബസുകള്‍ കേരളത്തിലെത്തി യാത്രികരുമായി പോകുന്നതിനെ തടയാനാകില്ല. എന്നാല്‍ ബുക്കിംഗ് നടത്തുന്ന ഏജന്‍സികളില്‍ പലതും ചട്ടം പാലിക്കുന്നില്ലെന്ന് കണ്ടെത്തി. 46 ഏജന്‍സികള്‍ക്ക് നോട്ടീസ് നല്‍കി. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കിയല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും.

click me!