രണ്ടാമതും രാജിയോ? വിവാദങ്ങൾക്കിടെ ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടു

By Web TeamFirst Published Jul 21, 2021, 10:13 AM IST
Highlights

എം.സി.ജോസഫൈനെ പുറത്താക്കിയ സിപിഎം ശശീന്ദ്രൻ്റെ കാര്യത്തിലും അതേ നിലപാട് സ്വീകരിച്ചാൽ അദ്ദേഹത്തിന് പുറത്തേക്ക് പോകാൻ വഴിയൊരുങ്ങും. തുടർച്ചയായി രണ്ട് സർക്കാരുകളിൽ നിന്നും അധാർമിക വിഷയങ്ങളിൽ രാജിവയ്ക്കേണ്ടി വന്നുവെന്ന നാണക്കേട് ശശീന്ദ്രൻ ചാർത്തി കിട്ടുകയും ചെയ്യും. 

തിരുവനന്തപുരം: പീഡനപരാതി ഒതുക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ എൻസിപി നേതാവും വനം മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ കോഴിക്കോട് നിന്നും തലസ്ഥാനത്ത് എത്തിയ മന്ത്രി ക്ലിഫ് ഹൌസിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം ഇരുവരും ഫോണിലൂടെ സംസാരിച്ചിരുന്നു.  രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് രണ്ട് മാസം തികയും മുൻപേയുണ്ടായ വിവാദത്തിൽ ശശീന്ദ്രൻ്റെ മന്ത്രിസ്ഥാനം തെറിക്കുമോ എന്ന ചർച്ച തുടരുന്നതിനിടെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. 

വിസ്മയ കേസിന് പിന്നാലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാനായി അനവധി പദ്ധതികൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഗാർഹിക, സ്ത്രീധന,ലൈംഗീക പീഡനങ്ങൾ നേരിടുന്ന സ്ത്രീകളുടെ പരാതി വനിതാ പൊലീസ് ഉദ്യോഗസ്ഥർ നേരിൽ പോയി കണ്ട് സ്വീകരിക്കാനായി പിങ്ക് പൊലീസിംഗ് പദ്ധതിയടക്കം ഇതിൽ ഉൾപ്പെടും. ഗാർഹിക പീഡനത്തെക്കുറിച്ച് പരാതിപ്പെടാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനെ പുറത്താക്കിയ സിപിഎം ശശീന്ദ്രൻ്റെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിച്ചാൽ അദ്ദേഹത്തിന് പുറത്തേക്ക് പോകാൻ വഴിയൊരുങ്ങും. തുടർച്ചയായി രണ്ട് സർക്കാരുകളിൽ നിന്നും അധാർമിക വിഷയങ്ങകളിൽ രാജിവയ്ക്കേണ്ടി വന്നുവെന്ന നാണക്കേട് ശശീന്ദ്രൻ ചാർത്തി കിട്ടുകയും ചെയ്യും. 

നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ ഇമേജ് ഡാമേജ് പരിഹരിക്കാൻ അടിയന്തര നടപടികൾ സർക്കാരിന് സ്വീകരിക്കേണ്ടി വരും. മരം മുറി അടക്കമുള്ള വിഷയങ്ങൾ മുന്നിലുണ്ടെങ്കിലും നാളെ തുടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം പരാതി ഒതുക്കൽ വിവാദം എടുത്തിടും എന്നുറപ്പാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും മന്ത്രിയുടെ രാജി അനിവാര്യമാണെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. വിഷയത്തിൽ പൊലീസിനും വനിതാ കമ്മീഷനും കേരള ഗവർണർക്കും പരാതി ലഭിച്ചിട്ടുണ്ട്. 

മന്ത്രിയുടെ ടെലിഫോൺ സംഭാഷണം പുറത്തു വന്ന് ഒരു രാത്രി പിന്നിടുമ്പോഴും വിഷയത്തിൽ സിപിഎം ഒരു നിലപാടിലേക്ക് എത്തിയിട്ടില്ല. ഇന്നലെ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് കാര്യങ്ങൾ വിശ​ദീകരിച്ച ശശീന്ദ്രൻ ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് എത്തിയത്. പ്രാദേശിക നേതാവിനെതിരായ കേസ് ഒതുക്കാൻ ഇടപെട്ടാണ് ശശീന്ദ്രൻ കുരുക്കിലായത് എന്നതിനാൽ അദ്ദേഹത്തിന് പൂ‍ർണപിന്തുണയാണ് എൻസിപി നൽകുന്നത്. എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ ശശീന്ദ്രന് പൂ‍ർണപിന്തുണയുമായി രം​ഗത്ത് വന്നിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!