
കണ്ണൂര്‍: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയും കൂട്ടാളി ജിജോ തില്ലങ്കേരിയും അറസ്റ്റിൽ. മുഴക്കുന്ന് പൊലീസാണ് കാപ്പാ ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ വയ്ക്കും. അറസ്റ്റിന് പിന്നിൽ സി പി എമ്മിന്‍റെ രാഷ്ട്രീയ സമ്മർദവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആകാശിനെ 11.30 ഓടെ കണ്ണൂർ സെൻട്രൽ ജയിലിൽ ഹാജരാക്കും. ആകാശ് തില്ലങ്കേരിക്കെതിരായ നാല് വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി. ആകാശ് തില്ലങ്കേരിക്കെതിരെ ഇതുവരെ രണ്ട് കൊലപാതകം ഉൾപെടെ 14 കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്കെതിരെയുള്ളത്. ഷുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സി പി എം ആകാശിനെതിരെ തിരിഞ്ഞത്. സി പി എമ്മിൻ്റെ രാഷ്ട്രീയ സമ്മർദ്ദവും നിലവിലെ പൊലീസ് നടപടിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
പി ജയരാജനെ വാഴ്ത്തുന്ന പിജെ ആർമ്മിയെന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി. പി ജയരാജന്‍ നേതൃത്വത്തിലേക്ക് വരണമെന്ന് വാദിക്കുന്ന ആകാശും കൂട്ടാളികളും രാത്രിയായാൽ സ്വർണ്ണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവർത്തനവുമാണ് നടത്തുന്നതെന്ന് പാർട്ടി ഒരു വർഷം മുൻപ് വ്യക്തമാക്കിയിരുന്നു. പക്ഷെ സമൂഹമാധ്യമങ്ങളിൽ സിപിഎം പ്രചാരകരായി തുടരുകയായിരുന്നു സംഘം.