സിസോദിയയെ വിടാതെ സിബിഐ, സരിതയ്ക്ക് വിഷം നല്‍കിയോ?, 'അമ്മ'യും ലാലും ഇല്ലാത്ത സിസിഎല്‍, - 10 വാര്‍ത്തകള്‍

Published : Feb 27, 2023, 06:41 PM IST
സിസോദിയയെ വിടാതെ സിബിഐ, സരിതയ്ക്ക് വിഷം നല്‍കിയോ?, 'അമ്മ'യും ലാലും ഇല്ലാത്ത സിസിഎല്‍, - 10 വാര്‍ത്തകള്‍

Synopsis

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സിസിഎല്‍ സീസണില്‍ മത്സരിക്കുന്ന ടീമുമായി അമ്മയ്ക്ക് ഒരു ബന്ധവും ഇല്ലെന്നും ഇടവേള ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് വ്യക്തമാക്കി- ഇന്നത്തെ ്പരധാന 10 വാര്‍ത്തകളറിയാം.

1. ദില്ലി മദ്യ നയക്കേസിൽ മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയിൽ വിട്ട് കോടതി

മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. മാർച്ച് നാല് വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മദ്യനയത്തിൽ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായെന്നും അന്വേഷണം മുന്നോട്ട് പോകാന്‍ മനീഷ് സിസോദിയയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു. സിബിഐ ജഡ്ജി എൻ കെ നാഗ്പാലാണ് ഉത്തരവ് നൽകിയത്. മാർച്ച് നാല് രണ്ട് മണിക്ക് സിസോദിയയെ വീണ്ടും ഹാജരാക്കണം. 

2. വീണ്ടും 'ഇടഞ്ഞ്' ഗവര്‍ണര്‍; സാങ്കേതിക സർവകലാശാല വിസിയെ നിയന്ത്രിക്കാനുള്ള പ്രമേയം റദ്ദാക്കി

സാങ്കേതിക സർവകലാശാല വിസിയെ നിയന്ത്രിക്കാനുള്ള സിണ്ടിക്കേറ്റ് തീരുമാനങ്ങൾ തടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതിയെ വെച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രത്യേക അധികാരം ഉപയോഗിച്ച് സസ്പെൻഡ് ചെയ്തത്. അതേസമയം ഗവർണറുടെ നടപടി വിശദീകരണം തേടാതെയാണെന്ന് സിണ്ടിക്കേറ്റ് അറിയിച്ചു. കെടിയുവിൽ ഗവർണറും വിസിയും ഒരുവശത്തും സർക്കാറും സിണ്ടിക്കേറ്റും മറുവശത്തുമായുള്ള പോര് ശക്തമായിരിക്കുകയാണ്. കെടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാൻ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിണ്ടിക്കേറ്റും ഗവേണിംഗ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാൻസലർ സസ്പെൻഡ് ചെയ്തത്. 

3. 'സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി 'അമ്മയ്ക്ക്' യാതൊരു ബന്ധവും ഇല്ല; മോഹന്‍ലാലും പിന്‍മാറി'

അമ്മയും മോഹന്‍ലാലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും പിന്‍മാറിയതാണെന്ന് വ്യക്തമാക്കി താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സിസിഎല്‍ സീസണില്‍ മത്സരിക്കുന്ന ടീമുമായി അമ്മയ്ക്ക് ഒരു ബന്ധവും ഇല്ലെന്നും ഇടവേള ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് വ്യക്തമാക്കി. നേരത്തെ സിസിഎല്‍ ടീമിനെ പ്രഖ്യാപിച്ച സമയത്ത് മോഹന്‍ലാല്‍ നോണ്‍ പ്ലെയിംഗ് ക്യാപ്റ്റനാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു എന്നാല്‍ പിന്നീട് ടീം ശരിക്കും പ്രഖ്യാപിച്ചപ്പോള്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല.

4. സരിതക്ക് വിഷം നല്‍കിയോ?; രക്തം-മുടി സാമ്പിളുകള്‍ ദില്ലിക്ക് അയച്ച് ക്രൈംബ്രാഞ്ച്

സോളോർ കേസിലെ പ്രതി സരിത എസ് നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ സാമ്പിളുകള്‍ പരിശോധനക്കായി ദില്ലിയിലെ നാഷണൽ ഫൊറൻസിക് ലാബിലേക്ക് അയച്ച് ക്രൈംബ്രാഞ്ച്. സരിത എസ് നായരുടെ രക്തം, മുടി എന്നിവയാണ് പരിശോനയ്ക്കായി അയച്ചത്. സഹപ്രവർത്തകനായിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം നൽകി കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സംസ്ഥാന ഫൊറൻസിക് ലാബിൽ വിഷാംശം തിരിച്ചറിയാനുള്ള പരിശോധന സംവിധാനമില്ലാത്തതിനാലാണ് ദില്ലിയിലേക്ക് അയച്ചത്. 

5. ചിന്തക്കെതിരെ പരാതി: യൂത്ത് കോൺഗ്രസ് നേതാവിന് സംരക്ഷണം ഉറപ്പാക്കാൻ പൊലീസിനോട് ഹൈക്കോടതി

ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിനാണ് സംരക്ഷണം നൽകേണ്ടത്. ജീവന് ഭീഷണിയുള്ളതുവരെ പോലീസ് സംരക്ഷണം നൽകണം. കൊല്ലം ജില്ലാ പോലീസ് മേധാവി, കൊട്ടിയം എസ് എച്ച് ഒ, കൊല്ലം വെസ്റ്റ് പോലീസ് എന്നിവർക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ചിന്ത ജെറോം, ഇവർ താമസിച്ച റിസോർട്ടിന്റെ ഉടമ എന്നിവരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ചാണ് വിഷ്ണു സുനിൽ പന്തളം ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സംരക്ഷണത്തിന് ഉത്തരവിട്ട് ഹർജി ഹൈക്കോടതി തീർപ്പാക്കി.

6. യെദിയൂരപ്പ 80 ന്‍റെ നിറവില്‍, ശിവമോഗ്ഗയിലെ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കർണാടകത്തിലെ തലമുതിർന്ന ബിജെപി നേതാവ് ബി എസ് യെദിയൂരപ്പയുടെ എൺപതാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്‍റെ സ്വന്തം നാടായ ശിവമൊഗ്ഗയിലെ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.  ജീവിതം കന്നഡ ജനതയ്ക്ക് സമർപ്പിച്ച യെദിയൂരപ്പ വരും തലമുറയ്ക്ക് മാതൃകയെന്ന് മോദി പറഞ്ഞു. തന്‍റെ പിറന്നാൾ ദിനം എത്തിയതിൽ മോദിക്ക് യെദിയൂരപ്പ നന്ദി പറഞ്ഞു. കർണാടകത്തിലെ ഒമ്പതാമത്തെ പ്രാദേശിക വിമാനത്താവളമാണിത്. 384 കോടി രൂപ ചെലവിൽ നിർമിച്ച, 622.38 ഏക്കർ വിസ്തീർണമുള്ള, താമരയുടെ ആകൃതിയിലുള്ള, ശിവമൊഗ്ഗ വിമാനത്താവളം മൽനാട് മേഖലയിൽ ബിജെപി വികസനത്തിന്‍റെ പ്രധാന അടയാളമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടുന്ന ഒന്നാണ്. 

7.  'ഇന്ത്യ മതേതര രാജ്യം, ഹിന്ദുത്വത്തിന്റെ മഹത്വം മനസിലാക്കണം'; സ്ഥല നാമം മാറ്റണമെന്ന ഹർജിയിൽ സുപ്രീം കോടതി

സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് ഹർജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ഹർജി വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. ഇത് ക്രൂരമാണ്. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹർജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസ് കെഎം ജോസഫ് ഹർജിക്കാരനോട് ചോദിച്ചു. വിദേശ അധിനിവേശത്തിൽ പേര് മാറ്റിയ ആയിരം സ്ഥലങ്ങളെ പുനർനാമകരണം ചെയ്യാൻ കമ്മീഷനെ വെക്കണമെന്നായിരുന്നു ഹർജി. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായയാണ് ഹർജി നൽകിയത്. 

8. 'പഴയ വിജയനായിരുന്നെങ്കിൽ മറുപടി പറഞ്ഞേനെ, ഒറ്റത്തടിയായി നടന്ന കാലത്തെക്കുറിച്ച് സുധാകരനോട് ചോദിച്ചാൽ മതി'

മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ വിമർശനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി വീട്ടിലിരിക്കേണ്ടി വരുമെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശം ഉന്നയിച്ചായിരുന്നു പിണറായി മറുപടി നൽകിയത്.  'പഴയ വിജയനാണെങ്കിൽ ഞാൻ അപ്പോഴേ മറുപടി പറഞ്ഞിട്ടുണ്ടാകും. ആ മറുപടിയല്ല ഇപ്പോൾ പറയേണ്ടത്. മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന ആൾക്കെതിരെ സ്വാഭാവിക പ്രതിഷേധം ഉണ്ടാകും. മുഖ്യമന്ത്രിക്കെതിരെ പരാമർശങ്ങൾ പറയേണ്ടി വരും. മുഖ്യമന്ത്രി കസേരയിൽ അല്ലെങ്കിൽ തന്റെ മറുപടി മറ്റൊന്നാകും. അത് സുധാകരനോട് ചോദിച്ചാ മതി'- മുഖ്യമന്ത്രി ചിരിയോടെ പറഞ്ഞു.

9. പൂരപ്പറമ്പിലേക്ക് റോബോട്ട് ആനയുടെ അരങ്ങേറ്റം: ഇരിഞ്ഞാടപ്പള്ളി ഉത്സവത്തിന് തിടമ്പേറ്റി റോബോട്ട് കൊമ്പൻ രാമൻ

ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ റോബോട്ട് ആന രാമൻ തിടമ്പേറ്റി.  കേരളത്തിൽ  ആദ്യമായാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു ആന ഉത്സവത്തിനു തിടമ്പേറ്റുന്നത്. മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി ഇരിഞ്ഞാടപ്പിള്ളി രാമൻ്റെ അരങ്ങേറ്റം ഒരു കൗതുകകാഴ്ചയായിരുന്നു. ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി നാല് പേർ ആനപ്പുറത്തേറി. പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ  മേളവും കൊട്ടിക്കയറിയതോടെ പൂരം ചരിത്രസംഭവമായി. 

10. ലൈഫ് മിഷൻ കോഴ; ഇഡിയുടെ ചോദ്യം ചെയ്യലിന് സിഎം രവീന്ദ്രൻ ഹാജരാകില്ല, നിയമസഭാ തിരക്കുകളെന്ന് വിശദീകരണം

ലൈഫ് മിഷൻ കോഴക്കേസിൽ ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഇന്ന് ഹാജരാകില്ല.   ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്ന ദിവസമാണിന്ന്. രാവിലെ 10.30ന് കൊച്ചിയിലെ ഓഫിസിൽ എത്താനായിരുന്നു സി എം രവീന്ദ്രന് ഇ ഡി നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്. എന്നാൽ കൊച്ചിയിലെത്താതെ സിഎം രവീന്ദ്രൻ നിയമസഭയിലെത്തുകയായിരുന്നു. നിയമസഭ ചേരുന്ന ദിവസങ്ങളായതിനാൽ ഔദ്യോഗിക തിരക്കുകൾ ഉണ്ടെന്ന് രവീന്ദ്രൻ ഇഡിയെ അറിയിച്ചു. ഇമെയിൽ വഴിയാണ് ഇഡിയെ അറിയിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം