
കണ്ണൂർ: ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി കസ്റ്റഡിയിൽ എടുത്ത് പൊലീസ്. കാപ്പ തടവിൽ വിയ്യൂർ ജയിലിൽ കഴിയവേ ജയിലറെ മർദിച്ച കേസിൽ ആണ് നടപടി. വധക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ആകാശ് ആദ്യ കാപ്പ കാലാവധി കഴിഞ്ഞ് ഓഗസ്റ്റ് അവസാനമാണ് നാട്ടിലെത്തിയത്. ഇന്ന് മകന്റെ പേരിടൽ ചടങ്ങിനിടെ മുഴക്കുന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിയ്യൂർ ജയിലിലേക് ആകാശിനെ കൊണ്ടുപോകും. റൂറൽ എസ് പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ കാപ്പ ചുമത്തി ഉത്തരവ് ഇറക്കിയത്. ജൂലൈ 25നാണ് ഫോൺ ഉപയോഗം ചോദ്യം ചെയ്തതിന്റെ പേരിൽ വിയ്യൂർ ജയിൽ അസിസ്റ്റന്റ് ജയിലർ രാഹുലിനെ ആകാശ് മർദിച്ചത്.
ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ച ജയിലറെയാണ് ആകാശ് തില്ലങ്കേരി മർദ്ദിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ചായിരുന്നു സംഭവം. അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൂടാതെ ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂർ പൊലീസിൽ പരാതി നൽകിയിരുന്നു. മൊഴി രേഖപെടുത്തി കേസെടുക്കുമെന്ന് വിയ്യൂർ പൊലീസ് അറിയിച്ചു. കാപ്പ തടവുകാരനായി ജയിലിൽ കഴിയുന്ന സമയത്താണ് ജയിലറെ ആക്രമിച്ചത്.
സെല്ലിന് മുന്നില്‍ അകത്തെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയാത്ത വിധം ആകാശ് തുണിവച്ച് മറച്ചിരുന്നത് ചോദ്യം ചെയ്തതും ഫോൺ ഉപയോഗിക്കുന്നുവെന്ന സംശയം പ്രകടിപ്പിച്ചതിലുമുണ്ടായ വിരോധമാണ് ജയില്‍ ഓഫീസ് മുറിയില്‍ സൂപ്രണ്ടിനെ ആക്രമിക്കുന്നതിലേക്ക് നയിച്ചത്. ആകാശിന്റെ സെല്ലിൽ പരിശോധനയ്ക്കെത്തിയ ജയിൽ ഉദ്യോഗസ്ഥനായ രാഹുൽ മുറിയുടെ ഒരു ഭാഗം തുണി വച്ച് മറച്ചു കെട്ടിയത് ചോദ്യം ചെയ്തു.
ഫോൺ ഉപയോഗിക്കുന്നുവെന്ന സംശയവും പ്രകടിപ്പിച്ചു. പിന്നാലെ തില്ലങ്കേരി ജയിലർക്ക് മുന്നിൽ പരാതിയുമായെത്തി. ഈ സമയം രാഹുലും അവിടേക്ക് വന്നു. ഈ സമയം ആകാശ് തില്ലങ്കേരി രാഹുലിന്റെ ചെവിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ജയിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആകാശ് തില്ലങ്കേരിക്കെതിരെ വിയ്യൂർ പൊലീസ് കേസെടുത്തത്.
ജയില്‍ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസ്: ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam