
കോഴിക്കോട്: കോഴിക്കോട് ആയഞ്ചേരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഈ മാസം അഞ്ചിനാണ് ഇയാള്‍ക്ക് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആറിനും എഴിനും ബന്ധുവീടുകളിൽ പോയി. ഏഴിന് ആയഞ്ചേരിയിലെ സൂപ്പർ മാർക്കറ്റിലെത്തി. എട്ടിന് രാവിലെ ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. തട്ടാൻകോട് മസ്ജിദിൽ നമസ്കാരത്തിൽ പങ്കെടുത്തു. തുടര്‍ന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിലെത്തി. 9നും 10നും വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. 10ന് വൈകിട്ട് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 11ന് രാവിലെ ഡോ. ജ്യോതികുമാറിന്റെ ക്ലിനികിലെത്തിയെന്നും അവിടെ നിന്ന് വടകര സഹകരണ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്കും മാറ്റിയെന്നുമാണ് റൂട്ട് മാപ്പ് വ്യക്തമാക്കുന്നത്.
മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 22 നാണ് മരിച്ചയാള്‍ക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ആഗസ്റ്റ് -23 വൈകീട്ട് 7 മണിക്ക് തിരുവള്ളൂർ കുടുംബ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ഓഗസ്റ്റ് -25 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദർശിച്ചു. ഇതേ ദിവസം 12:30 കള്ളാട് ജുമാ മസ്ജിദ് സന്ദർശിച്ചതായും റൂട്ട് മാപ്പിലുണ്ട്. ആഗസ്റ്റ് -26 രാവിലെ 11 മുതൽ 1:30 വരെ കുറ്റ്യാടി ഡോ.ആസിഫലി ക്ലിനിക്കിൽ, ആഗസ്റ്റ് - 28 രാത്രി 09:30 ന് തൊട്ടിൽപാലം ഇഖ്ര ആശുപത്രിയിൽ, ആഗസ്റ്റ് 29- അർദ്ധരാത്രി 12 ന് കോഴിക്കോട് ഇഖ്ര ആശുപത്രിയിൽ, ആഗസ്റ്റ് -30 ന് ആശുപത്രിയിൽ വെച്ച് മരിച്ചു.-ഇത്തരത്തിലാണ് റൂട്ട് മാപ്പിലുള്ളത്.
അതേസമയം, നിപ രോഗികളുടെ സമ്പർക്ക പട്ടിക 168 ൽ നിന്ന് 350 ആയി. ഇതിൽ കൂടുതൽ പേരും ഹൈറിസ്ക് വിഭാഗത്തിലാണെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു. നിപ മരണം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ എട്ട് പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ പൊലീസ് ബാരിക്കേഡ് വെച്ച് വഴികൾ അടച്ചു. സമ്പർക്കപ്പട്ടിക തയാറാക്കാൻ ആരോഗ്യ വകുപ്പ് ഫീൽഡ് സർവേ തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam