
കണ്ണൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനെ തുടർന്ന് അതിസുരക്ഷ ജയിലിൽ കഴിയുന്ന ആകാശ് തില്ലങ്കേരിക്ക് മെഡിക്കൽ പരിശോധന നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ജയിലിലെ ആക്രമണത്തിൽ ആകാശിന് പരിക്ക് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് നിർദ്ദേശം. തൃശ്ശൂർ ജില്ല ആശുപത്രി സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കാനാണ് വിയ്യൂർ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകിയത്. മെഡിക്കൽ റിപ്പോർട്ടും സംഭവ ദിവസത്തെ സി.സി ടി.വി ദൃശ്യങ്ങളും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കണമെന്നും കോടതി പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയാണ് ആകാശ്. ആകാശിന്റെ അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതി ഇടപെടൽ. ആകാശിനെ ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളെ തുടർന്നാണ് ജയിൽ അസിസ്റ്റന്റ് വാർഡനെ ആകാശ് തിലങ്കേരി മർദ്ദിച്ചത്. ഇതേ തുടർന്ന് ജയിൽ ഉദ്യോഗസ്ഥൻ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ച ജയിലർക്ക് ആകാശ് തില്ലങ്കേരിയില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ചായിരുന്നു സംഭവം. അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൊഴി രേഖപെടുത്തി കേസെടുക്കുമെന്ന് വിയ്യൂർ പൊലീസ് അറിയിച്ചു. കാപ്പ തടവുകാരനാണ് ശുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കരി. സംഭവത്തെ തുടര്‍ന്ന് ആകാശിനെ അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേയ്ക്കാണ് മാറ്റിയത്.
2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും അക്രമികൾ വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിന്‍റെ മരണം. കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും പിന്നീട് സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam