
കണ്ണൂർ: കാപ്പാ വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ച ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കും കൂട്ടിനുള്ളത് ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവർ. കണ്ണൂർ സെൻട്രൽ ജയിലിൽ തീവ്ര സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ആകാശിനെയും ജിജോയെയും പാർപ്പിക്കുന്നത്. ഇവിടമാകെ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. മുഴുവൻ സമയ പാറാവ് അടക്കം കർശന നിയന്ത്രണമാണ് പത്താം ബ്ലോക്കിൽ ഉള്ളത്.
സമൂഹത്തിന് ഭീഷണിയാണെന്ന് കാട്ടി ഇരുവരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കണ്ണൂർ റൂറൽ എസ്പി നൽകിയ റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തടങ്കൽ. ആറ് മാസത്തേക്ക് ഇരുവരും ഇനി ജയിലിൽ തന്നെയായിരിക്കും. ആകാശിനെതിരെ രണ്ട് കൊലപാതകമടക്കം 14 കേസുകളും ജിജോയ്ക്ക് എതിരെ 23 കേസുകളുമാണ് ഉള്ളത്.
പുലർച്ചെ നാല് മണിയോടെ ആകാശിനെയും കൂട്ടാളി ജിജോയെയും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. ബാഗുകളും ഷോപ്പറുകളും ഉൾപെടെ സാധനങ്ങളുമായാണ് ഇരുവരും ജീപ്പിൽ നിന്ന് ഇറങ്ങിയത്. അറസ്റ്റ് സംബന്ധിച്ച ചോദ്യങ്ങളോട് ഭീഷണി സ്വരത്തിൽ, "വേണ്ടേ" എന്നായിരുന്നു മറുപടി. ജയിലിലായി മൂന്നാം മണിക്കൂറിൽ തന്റെ ഇന്നോവ വിൽക്കാനുണ്ടെന്ന് കാട്ടി ആകാശിന്റെ ഫേസ്ബുക്കിൽ നിന്നും വാഹന വിൽപന ഗ്രൂപ്പിലേക്ക് അറിയിപ്പ് വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ വാഹനം വിൽക്കുന്നു എന്നാണ് കുടുംബം പറയുന്നത്. 2011 മോഡൽ ഇന്നോവ കാറാണ് വിൽപ്പനക്ക് വച്ചത്. ഏഴ് ലക്ഷം രൂപക്കാണ് കാർ വിൽക്കുന്നത്.