മുഖ്യമന്ത്രിയെ സൈബർ ഇടങ്ങളിൽ വിമർശിച്ച് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ രംഗത്തെത്തി. പരസ്യമായി മാപ്പ് പറഞ്ഞതിലാണ് അമർഷം രേഖപ്പെടുത്തുന്നത്. അതേസമയം, മുഖ്യമന്ത്രിയെയും മമ്മൂട്ടിയേയും പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തുന്നുണ്ട്.
വയനാട്: ടൗണ്‍ഷിപ്പ് സന്ദർശന വിവാദത്തില്‍ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് വിമർശനം. ഒരു വിഭാഗം ഇടത് സൈബർ സംഘങ്ങളാണ് മുഖ്യമന്ത്രിയോട് സാമൂഹികമാധ്യമങ്ങളിലൂടെ അമർഷം രേഖപ്പെടുത്തുന്നത്. റീല്‍സ് എടുത്ത് സ്വയം ബൂസ്റ്റ് ചെയ്യാനുള്ള റഫീഖിന്‍റെ ശ്രമം ദയനീയമായി പരാജയപ്പെട്ടതാണ് ടൗണ്‍ഷിപ്പില്‍ കണ്ടതെന്ന് മുൻ സിപിഎം നേതാവ് എവി ജയൻ പ്രതികരിച്ചു.
കടുത്ത സൈബർ ആക്രമണം നേരിട്ടതിന് പിന്നാലെ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറിയെ ഫോണില്‍ വിളിച്ചിരുന്നു. ഇതോടെ വിവാദം അവസാനിച്ചുവെന്ന് തോന്നിപ്പിച്ചിടത്ത് നിന്നാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത മാപ്പ് പറച്ചില്‍. അണികള്‍ക്കിടയില്‍ നിന്ന് മമ്മൂട്ടിയെ അപമാനിക്കുന്ന നീക്കം ഉണ്ടായത് നേതൃത്വത്തെ ഞെട്ടിച്ചുവെന്ന് വ്യക്തമാണ്. സിപിഎമ്മിന്‍റെ സോഷ്യല്‍ മീഡിയ രംഗത്ത് ഇടപെടുന്നവർക്ക് മമ്മൂട്ടിയെ തിരിച്ചറിയാൻ കഴിയാത്ത കാലം വന്നോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിലും നേതൃത്വത്തിന്‍റെ നിലപാട് ഉണ്ട്. എന്നാല്‍ സൈബർ സംഘത്തെ തിരുത്തിയ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനവും ഇടത് കേന്ദ്രങ്ങളില്‍ നിന്ന് ഇന്നലെ മുതല്‍ ഉയർന്നിട്ടുണ്ട്. മമ്മൂട്ടിയെ ഭാസ്കര പട്ടേലരെന്നടക്കം വിളിച്ച് ആക്രമണത്തിന് തുടക്കമിട്ട ചില പ്രമുഖർ കൈകഴുകിയെങ്കിലും പ്രവർത്തകരില്‍ ഒരു വിഭാഗമാണ് മുഖ്യമന്ത്രിയെ തള്ളി അമർഷം രേഖപ്പെടുത്തുന്നത്. മുഖ്യമന്ത്രി മാപ്പ് പറയേണ്ട അവസ്ഥയിലേക്ക് വിവാദം എത്തിയത് ദയനീയമെന്ന് മുൻ സിപിഎം നേതാവ് എവി ജയൻ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ചും ഒരു വിഭാഗം നിലപാട് എടുത്തിട്ടുണ്ട്. സാംസ്കാരികപ്രവർത്തകരും പുരോഗമന ചിന്താഗതിക്കാരും സൈബർ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത് വേദനജനകമാണെന്ന് കേരള യൂണിവേഴ്സിറ്റ് മുൻ വൈസ് ചാൻസിലർ ബി ഇഖ്ബാല്‍ പറഞ്ഞു.
മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മഹാനടനെ മനസിലാക്കണമായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
എന്നും കേരളത്തിന്‍റെ നന്മ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടി. പെരുമ്പളം പാലത്തെ മമ്മൂട്ടി പ്രകീർത്തിച്ചിരുന്നു. ആരെയും അറിയിച്ച ശേഷമല്ല വയനാട് ടൗണ്‍ഷിപ്പ് കാണാൻ മമ്മൂട്ടിയെത്തിയത്. ചെന്നൈയിൽ നിന്ന് യാത്ര ചെയ്താണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. ആരെയും അറിയിക്കാത്ത യാത്രയായിരുന്നു അത്. അതിനാൽ തന്നെ സദുദ്ദേശത്തോടെയാണ് മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും വിവാദമാകുമെന്നും കരുതി മമ്മൂട്ടി അത്തരത്തിൽ ജില്ലാ സെക്രട്ടറിയോട് സ്വകാര്യമായി കാര്യം പറഞ്ഞത്. എന്നാൽ, നമ്മുടെ നാട്ടിൽ എന്തിനേയും വിവാദമാക്കുന്ന ചിലരുണ്ട്. നല്ല നിലയിൽ ഇടപെടുന്നയാളാണ് സിപിഎം ജില്ലാ സെക്രട്ടറിയായ കെ റഫീഖ്. മമ്മൂട്ടി സ്വകാര്യമായി പറഞ്ഞ കാര്യം ക്യാമറ വസ്ത്രത്തിൽ വെച്ച് നടക്കുന്നവര്‍ വിവാദമാക്കി.
മമ്മൂട്ടിയെ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമാണ്. എന്തിനാണത് വിവാദമാക്കിയത്? സിപിഎം സാമൂഹിക മാധ്യമ പോരാളികല്‍ വലിയ തോതിൽ മമ്മൂട്ടിയെ ആക്രമിച്ചുവെന്ന പ്രചാരണം ഉണ്ടായി. സിപിഎം സോഷ്യൽ മീഡിയ പ്രവർത്തകർക്ക് മമ്മൂട്ടിയെ അറിയാതെയായോ? ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ മനസിന് വിഷമം ഉണ്ടായതിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു. മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നു. മമ്മൂട്ടിയെന്ന മഹാനടനെ മനസിലാക്കണമായിരുന്നു. എങ്ങനെ ഒരു നല്ല കാര്യത്തെ ചീത്തയാക്കാൻ ശ്രമിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും പിണറായി വിജയൻ പറഞ്ഞു.
വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശന വിവാദം
വയനാട് ടൗണ്‍ഷിപ്പിൽ വെച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവം നേരത്തെ വിവാദമായിരുന്നു. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ എപ്പോഴും തന്‍റെ ഒപ്പം നിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടയാക്കുമെന്നായിരുന്നു മമ്മൂട്ടി ജില്ലാ സെക്രട്ടറിയോട് അതൃപ്തിയോടെ പറഞ്ഞത്. ഇതിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു. മമ്മൂട്ടിക്കെതിരെ ഇടത് കേന്ദ്രങ്ങളില്‍ നിന്ന് സൈബർ ആക്രമണം രൂക്ഷമായിരുന്നു. വിഷയം സൈബർ ഇടങ്ങളിലക്കം ആളികത്തിയതും യു ഡി എഫ് നേതാക്കളും പ്രവർത്തകരും കക്ഷി ചേർന്നതും പ്രശ്നം കൂടുതല്‍ വഷളാക്കി. ഇതിനെല്ലാം ഒടുവിൽ മമ്മൂട്ടി, റഫീഖിനെ വീഡിയോ കോള്‍ വിളിച്ച് കാര്യം വിശദീകരിച്ചിരുന്നു. മമ്മൂട്ടി വിളിച്ച കാര്യം റഫീഖ് തന്നെയാണ് അറിയിച്ചത്. തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരമാകരുതെന്ന ഉദ്ദേശത്തോടെയാണ് താൻ ഇടപെട്ടതെന്ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി ഹൃദയത്തോട് ചേർത്ത് വെക്കുന്ന നടനാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും റഫീഖ് ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിനിടയിലാണ് മെഗാസ്റ്റാർ തന്നെ ജില്ലാ സെക്രട്ടറിയെ വിളിച്ചത്. ഇതിനുപിന്നാലെയാണിപ്പോള്‍ പരസ്യമായി മാപ്പു പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത്.



