
ദില്ലി: എ കെ ജി സെന്റർ ഭൂമി കേസിൽ പ്രതികരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 2021 ൽ 32 സെന്റ് ഭൂമി വാങ്ങിയത് നിയമ പ്രകാരമാണ്. വാങ്ങിയ ഭൂമിയിൽ 30 കോടി ചെലവഴിച്ചാണ് 9 നില കെട്ടിടം പണിതത് എന്നും എം വി ഗോവിന്ദൻ. സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്ത വിവരങ്ങളാണിത്. വാങ്ങുമ്പോൾ ഭൂമി സംബന്ധിച്ച കേസുകൾ ഇല്ലായിരുന്നു എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പുതിയ എ.കെ.ജി സെന്‍ററിന്‍റെ ഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണ് കേസിന് ആധാരം. ഭൂമിയുടെ ഉടമസ്ഥൻ താനാണെന്ന് കാണിച്ച് വി.എസ്.സി ശാസ്ത്രജ്‍ഞ ഇന്ദു ഗോപൻ ആയിരുന്നു സുപ്രീം കോടതിയിൽ ഹർജി നൽഷകിയത്. ഇതിന് പിന്നാലെ സുപ്രീം കോടതി സിപിഎമ്മിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഹർജിക്കാരിക്ക് ഭൂമിയിൽ അവകാശമില്ലെന്നും നിയമ പ്രകാരമാണ് ഭൂമി വാങ്ങിയതെന്നുമാണ് പാർട്ടി നേരത്തെ വിശദീകരിച്ചിരുന്നു.
എകെജി സെന്‍റർ നിൽക്കുന്ന 34 സെന്ർറ് ഭൂമി 1998ൽ താനും 2000 ൽ തന്‍റെ മുത്തച്ഛൻ ജനാർദ്ദനൻ പിള്ളയും ചേർന്ന് രണ്ട് രേഖകളിലായി വാങ്ങിയതാണെന്നാണ് ഇന്ദു ഗോപൻെറെ വാദം. ഇക്കാര്യം മറച്ച് വെച്ച് കോട്ടയത്തെ സ്വകാര്യ ധനകാര്യ സ്ഥാപനം സിപിഎമ്മിന് വിൽപ്പന നടത്തിയെന്നാണ് പരാതി. സിപിഎം ഭൂമി വാങ്ങിയ സമയത്ത് ഭൂമിയിൽ തർക്കമുള്ള കാര്യം ചൂണ്ടിക്കാണിച്ച് ഇന്ദു ഗോപൻ അന്നത്തെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നൽകിയ കത്തും പുറത്തുവന്നിരുന്നു.
തിരുവനന്തപുരത്തെ വ്യവസായി 1971 ൽ കോട്ടയത്തെ എഫ്ഐസി എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുക്കാൻ ഈട് നൽകിയതായിരുന്നു എകെജി സെന്‍റർ നിൽക്കുന്ന സ്പെൻസർ ജംഗ്ഷനിലെ ഭൂമി. എന്നാൽ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ കമ്പനി ഭൂമി ജപ്തി ചെയ്തു. പിന്നീട് തിരുവനന്തപുരം സബ് കോടതി വഴി ഭൂമി ലേലം ചെയ്തു. 1998 ആഗസ്റ്റിലാണ് ലേലം നടന്നത്. ഭൂമി ലേലത്തിലെടുക്കാൻ ആരും തയ്യാറാകാതിരുന്നതോടെ ധനകാര്യ സ്ഥാപനം തന്നെയാണ് ലേലത്തിലെടുത്തത്. 2000 ൽ സെയിൽ സർട്ടിഫിക്കറ്റും കോടതി കമ്പനിയ്ക്ക് നൽകി. 2021 ലാണ് സിപിഎം ഭൂമി വാങ്ങിയത്. 2023 ൽ ഈ ഇടപാട് അസ്ഥിരപ്പെടുക്കാൻ ഇന്ദു ഗോപൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത് തള്ളിയിരുന്നതായും സിപിഎം വിശദീകരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam