'എകെജി സെന്റർ ആക്രമണം നടത്തിയത് ജിതിൻ തന്നെ, സ്കൂട്ടർ എത്തിച്ച് നൽകിയത് സുഹൃത്തായ സ്ത്രീ'

By Web TeamFirst Published Sep 22, 2022, 3:15 PM IST
Highlights

ഗൗരീശപട്ടത്ത് കാറിൽ കാത്തു കിടന്ന ജിതിന് ഈ സ്ത്രീ സ്കൂട്ടർ കൈമാറി. എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ ശേഷം തിരിച്ചെത്തി ഈ സ്കൂട്ടർ ജിതിൻ കൈമാറുകയായിരുന്നുവെന്നും അന്വേഷണ സംഘം

തിരുവനന്തപുരം: എകെജി സെന്റ‌ർ ആക്രമണത്തിൽ അറസ്റ്റിലായ ജിതിൻ ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തി അന്വേഷണ സംഘം. ഫോറൻസിക് ലാബിലാണ് 'സൂപ്പർ ഇംപോംസിംഗ്' എന്ന താരതമ്യ പരിശോധന നടത്തിയത്.  സിസിടിവി ദൃശ്യങ്ങളിലെ സ്കൂട്ടർ തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായാണ് പരിശോധന നടത്തിയത്. ഹോണ്ടയുടെ ഡിയോ സ്റ്റാൻഡേർഡ് വിഭാഗത്തിൽപ്പെട്ട സ്കൂട്ടറാണ് ജിതിൻ ആക്രമണത്തിനായി ഉപയോഗിച്ചത് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജിതിന്റെ സുഹ്യത്തായ സ്ത്രീയാണ് സ്കൂട്ടർ എത്തിച്ച് നൽകിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഗൗരീശപട്ടത്ത് കാറിൽ കാത്തു കിടന്ന ജിതിന് ഈ സ്ത്രീ സ്കൂട്ടർ കൈമാറി. എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ ശേഷം തിരിച്ചെത്തി ഈ സ്കൂട്ടർ ജിതിൻ കൈമാറുകയായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. തുടർന്ന് ജിതിന്റെ സുഹൃത്തായ സ്ത്രീയാണ് ഈ സ്കൂട്ടർ ഓടിച്ചു പോയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. 

എകെജി സെന്‍റര്‍ ആക്രമണം: ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടും

രാവിലെ കസ്റ്റഡിയിലെടുത്ത ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ജിതിനെ അൽപസമയത്തിനകം കോടതിയിൽ ഹാ‍ജരാക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തു.

എകെജി സെന്‍റര്‍ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ കസ്റ്റഡിയില്‍

അതേസമയം കേസ് അന്വേഷണം സിനിമക്ക് തിരക്കഥ എഴുതലല്ലെന്ന് വിമര്‍ശിച്ച ഷാഫി പറമ്പിൽ, കോൺഗ്രസുകാരനെ പ്രതിയാക്കണമെന്നത് സിപിഎം അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ചു. കേസില്‍ യൂത്ത് കോൺഗ്രസുകാർക്ക് പങ്കുണ്ടായിരുന്നെങ്കിൽ ഇത്രയും നാൾ കാത്ത് നിന്നത് എന്തിനാണെന്നും ഷാഫി പറമ്പിൽ ചോദിച്ചു. യൂത്ത് കോൺഗ്രസിന്‍റെ പല നേതാക്കളെയും ഭാവനയിൽ പ്രതി ചേർക്കാൻ നേരത്തെയും ശ്രമമുണ്ടായി. രാഹുൽ ഗാന്ധിയുടെ യാത്രക്ക് കേരളം നൽകുന്ന സ്വീകാര്യതയുടെ അസ്വസ്ഥതയാണ് ഇപ്പോഴത്തെ കസ്റ്റഡിക്ക് പിന്നലെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

click me!