'രാവിലെ നല്ല സമയം'; സ്കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ, ഖാദർ കമ്മിറ്റി റിപ്പോർട്ട് സമ‍‍‍ര്‍പ്പിച്ചു

By Web TeamFirst Published Sep 22, 2022, 3:06 PM IST
Highlights

സ്കൂൾ പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ.

തിരുവനന്തപുരം : സ്കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ;ചെയ്യുന്ന ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സ്കൂൾ പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. 

രാവിലെ നേരത്തെ ക്ലാസ് തുടങ്ങുന്നതാണ് കുട്ടികൾക്ക് പാഠഭാഗങ്ങൾ എളുപ്പം മനസ്സിലാക്കാൻ സഹായിക്കുക എന്നാണ് ഖാദർ കമ്മിറ്റി വിലയിരുത്തൽ. അതിൻറെ അടിസ്ഥാനത്തിലാണ് സമയമാറ്റത്തിനുള്ള ശുപാർശ നൽകിയത്. എട്ട് മണിക്ക് തുടങ്ങി ഒരു മണിവരെ പഠനം. അതിന് ശേഷം, ഉച്ചക്ക് ശേഷം പിന്നെ കായിക പരിശീലനത്തിനും പ്രവൃത്തിപരിചയത്തിനും സമയം കണ്ടെത്താമെന്നാണ് നിർദ്ദേശത്തിലുള്ളത്. 

അടുത്ത പ്രധാന പ്രധാന ശുപാർശ അധ്യാപക പരിശീലനത്തിലെ ഉടച്ചുവാർക്കലാണ്. നിലവിൽ ടിടിസി, ബിഎഡ് അടക്കം വിവിധ ക്ലാസുകളിലേക്ക് പഠിപ്പിക്കാൻ വ്യത്യസ്ത കോഴ്സുകളാണുള്ളത്. അത് മാറ്റി അഞ്ച് വർഷത്തെ സംയോജിത അധ്യാപക പരീശീലനത്തിനുള്ള മാസ്റ്റേഴ്സ് കോഴ്സിനാണ് നിർദ്ദേശം. പ്ലസ് ടു കഴിഞ്ഞാൽ കോഴ്സിന് ചേരാം. കൂടുതൽ പ്രൊഫഷണൽ പരിശീലനത്തിനാണ് ഖാദർ കമ്മിറ്റി ശുപാർശ. മൂല്യ നിർണ്ണയരീതിയിലും മാറ്റം വേണം. പരീക്ഷയിൽ കിട്ടുന്ന മാർക്കിനൊപ്പം വിദ്യാർത്ഥിയുടെ പാഠ്യേതര പ്രവർത്തനങ്ങളടക്കം വിലയിരുത്താനാണ് ശുപാർശ. 

മാർക്ക് മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള മൂല്യനിർണ്ണയം നെഗറ്റീവ് ഫലം ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. വൻ പ്രതിഷേധത്തിനിടെയും ഖാദർ കമ്മിറ്റിയുടെ ഒന്നാം റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ സർക്കാർ നടപ്പാക്കിക്കഴിഞ്ഞു. ഡിപിഐ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നിവ ഒരു കുടക്കീഴിലാക്കി മാറ്റി. ഹൈസ്കൂളും ഹയർ സെക്കണ്ടറിയും ഉള്ളിടത്ത് ഹയർസെക്കണ്ടരി പ്രിൻസിപ്പലിനെ സ്ഥാപന മേധാവിയാക്കിക്കഴിഞ്ഞു. രണ്ടാം റിപ്പോർട്ടിലെ സ്കൂൾ സമയമാറ്റത്തിനെതിരെ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്. നേരത്തെ മദ്രസ്സ പഠനം ചൂണ്ടിക്കാട്ടി ക്ലാസുകൾ നേരത്തെയാക്കാനുള്ള പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരണസമതിയുടെ നിർദ്ദേശത്തിനെതിരെ മുസ്ലീം സംഘടനകൾ മുഖ്യമന്ത്രിയെ കണ്ട് എതിർപ്പ് അറിയിച്ചിരുന്നു. 

 

click me!