
തിരുവനന്തപുരം :എ കെ.ജി.സെൻറർ ആക്രമണക്കേസിൽ അറസ്റ്റിലായ ജിതിനെതിരെ കൃത്യമായ തെളിവുകള്‍ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് മുന്നിൽ ഇനിയും കടമ്പകളേറെയാണ്. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമല്ലാതെ പ്രതിയിലേക്ക് നേരിട്ടെത്തുന്ന തെളിവുകള്‍ ഇനിയും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല. സംഭവം ദിവസം ഉപയോഗിച്ച മൊബൈൽ ഫോണും സ്കൂട്ടറും വസ്ത്രങ്ങളും കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. ജിതിൻെറ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.
എകെജി സെൻറർ ആക്രണം നടന്ന രണ്ടമാസത്തിനു ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പിടികൂടാൻ കഴിഞ്ഞതിൻെറ ആശ്വാസം പൊലീസിനുണ്ട്.സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും മാത്രമാണ് പ്രതിക്കെതിരെ നിലവിലുള്ളത്. പക്ഷെ ഇതുകൊണ്ടൊന്നും കോടതിയിൽ കേസ് തെളിയിക്കാനാവില്ലെന്ന് നന്നായി അറിയാവുന്നത് പൊലീസിന് തന്നെയാണ്. ജിതിനെ കസ്റ്റഡയിൽ വാങ്ങി ചോദ്യം ചെയ്താൽ ലഭിക്കുന്ന തെളിവുകളിലാണ് പൊലീസിൻെറ പ്രതീക്ഷ.
സ്ഫോടക വസ്തു എറിയാൻ ജിതിൻ ഉപയോഗിച്ച ഗ്രേ കളറിലുള്ള ഡിയോ സ്റ്റാൻഡേഡ് സ്കൂട്ടർ. കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. ഒരു സുഹൃത്തിൻെറ സ്കൂട്ടറാണ് ഉപയോഗിച്ചതെന്ന് പൊലീസ് മനസിലാക്കിയിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യലിൽ സുഹൃത്തിനെ കുറിച്ചോ സ്കൂട്ടർ എവിടേക്ക് കൊടുത്തു എന്നതിനെ കുറിച്ചോ വ്യക്തമായ മറുപടി ജിതിൻ പറഞ്ഞിട്ടില്ല. നന്പർ അറിയില്ലെന്നാണ് ജിതിൻ പറയുന്നത്. പ്രധാന തൊണ്ടിമുതൽ നശിപ്പിക്കുകയാണെങ്കിൽ അത് വലിയ വെല്ലുവിളിയാകും. ഈ സ്കൂട്ടർ ജിതിനെത്തിച്ച വനിതാ സുഹൃത്തിനെ ക്രൈംബ്രാഞ്ച് വിശദമായ ചോദ്യം ചെയ്യും. ഈ സ്ത്രീയെ പ്രതിയാക്കണമോയെ സാക്ഷിയാക്കണോയെന്ന കാര്യം ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടില്ല.
സ്ഫോടക വസ്തു എവിടെ നിന്നും ലഭിച്ചുവെന്നതാണ് പിന്നെയുള്ള ചോദ്യം. ഗൂഢാലോചനയിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. എ.കെ.ജി.സെൻറർ ആക്രമണ സമയത്ത് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണ്‍ ജിതിൻ വിറ്റിരുന്നു. ഈ ഫോണും പ്രധാന തെളിവാണ്. ഇത്തരം പ്രധാന തെളിവുകള്‍ കോർത്തിണക്കി കുറ്റപത്രം സമർപ്പിച്ചാൽ മാത്രമായിരിക്കും കോടതിയിൽ പൊലീസ് പിടിച്ചുനിൽക്കാനാവുക. സംഭവം സമയം ജിതിൻ ധരിച്ചിരുന്ന ടീ ഷർട്ടും ഷൂസുമായിരുന്നു പ്രതിയിലേക്കെത്തിച്ച പ്രധാന തെളിവ്. ജിതിൻെറ വാടകവീട്ടിൽ നടത്തിയ റെയ്ഡിൽ ഇവ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഈ തൊണ്ടിമുതലുകളും കണ്ടെത്തണം. അഞ്ചു ദിവസത്തെ കസ്റ്റഡയിൽ വേണമെന്നാണ് ക്രൈം ബ്രാഞ്ചിൻെറ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam