നസീം പിടിച്ചുവച്ചു, ശിവരഞ്ജിത്ത് കുത്തി: ആശുപത്രിക്കിടക്കയിൽ നിന്ന് അഖിലിന്‍റെ മൊഴി

By Web TeamFirst Published Jul 13, 2019, 4:32 PM IST
Highlights

രണ്ട് തവണയാണ് അഖിലിന് കുത്തേറ്റത്. ഹീറോ പേനയുടെ ആകൃതിയുള്ള കത്തി വച്ചാണ് കുത്തിയത്. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ഇന്നലെ അഖിലിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. 

തിരുവനന്തപുരം: തന്നെ കുത്തിയത് യൂണിറ്റ് പ്രസിഡന്‍റ് എസ്എഫ്ഐ ശിവരഞ്ജിത്ത് തന്നെയെന്ന് വിദ്യാ‍ർത്ഥി അഖിൽ മൊഴി നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറോടാണ് അഖിൽ മൊഴി നൽകിയത്. അഖിലുമായി സംസാരിച്ചതിന്‍റെ വിശദാംശങ്ങൾ ഡോക്ടർ പൊലീസിന് കൈമാറിയിട്ടുണ്ട്. അഖിലിന്‍റെ മൊഴി വിശദമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന് അനുമതി നൽകണമെന്നും പൊലീസ് ഡോക്ടർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അഖിലിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടാൽ മൊഴിയെടുക്കാമെന്ന് പൊലീസിനോട് ഡോക്ടർമാർ അറിയിച്ചു.

കുത്തിയത് ശിവരഞ്ജിത്താണെന്നും അതിന് സഹായിച്ചത് നസീമാണെന്നുമാണ് അഖിൽ നൽകിയ മൊഴി. 'ഓടിയെത്തി നസീം എന്നെ പിടിച്ചു വച്ചു. പിന്നാലെ വന്ന ശിവരഞ്ജിത്ത് കുത്തി' - ഇതാണ് അഖിൽ നൽകിയ മൊഴി.

നേരത്തേ, എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളാണ് അഖിലിനെ ആക്രമിച്ചതെന്ന് സുഹൃത്തുക്കളും പൊലീസിന് മൊഴി നൽകിയിരുന്നു. ഫിലോസഫി ഡിപ്പാര്‍ട്ട്മെന്‍റിന് സമീപം വച്ചാണ് അഖിലിനെ കുത്തി വീഴ്ത്തിയതെന്ന് അഖിലിന്‍റെ സുഹൃത്ത് ഉമൈര്‍ പൊലീസിന് മൊഴി നൽകി. നസീമിന്‍റെയും ശിവരഞ്ജിത്തിന്‍റെയും കയ്യിൽ കത്തി ഉണ്ടായിരുന്നു. എന്നാൽ കുത്തി വീഴ്ത്തിയത് ആരെന്ന് താൻ കണ്ടിട്ടില്ലെന്നാണ് ഉമൈര്‍ പറയുന്നത്.

കുത്തേറ്റ ശേഷം പുറകിലോട്ട് നടന്ന അഖിൽ പിന്നീട് കുഴഞ്ഞു വീണു. എന്നിട്ട് പോലും അഖിലിനെ പിടിച്ചെഴുന്നേൽപ്പിക്കാനോ സഹായത്തിനെത്താനോ ശ്രമിക്കാതെ എസ്എഫ്ഐ നേതാക്കൾ എല്ലാം കണ്ടു നിൽക്കുകയായിരുന്നു. സുഹൃത്തുക്കൾ ചേര്‍ന്ന് താങ്ങിയെടുത്താണ് അഖിലിനെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നും ഉമൈര്‍ പറഞ്ഞു. 

യൂണിറ്റ് മുറി കേന്ദ്രീകരിച്ചാണ് എസ്എഫ്ഐക്കാരുടെ അക്രമങ്ങൾ അരങ്ങേറുന്നതെന്നും വിദ്യാര്‍ത്ഥികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പലപ്പോഴും പട്ടിയെ തല്ലുന്നത് പോലെ, തന്നെയും എസ്എഫ്ഐക്കാര്‍ തല്ലിയിട്ടുണ്ടെന്ന് ഉമൈര്‍ പറഞ്ഞു. തല്ലി അവശനാക്കി യൂണിറ്റ് മുറിയിലേക്ക് എടുത്ത് കൊണ്ട് പോയിട്ടുണ്ടെന്നും ഉമൈർ പറഞ്ഞു.

Read More: മദ്യം, മയക്കുമരുന്ന്, ക്രിമിനൽ കേസ് പ്രതികളെ ഒളിപ്പിക്കൽ: എസ്എഫ്ഐക്കെതിരെ ഗുരുതര ആരോപണവുമായി നിഖില

click me!