
തിരുവനന്തപുരം: ഹരിദാസ് കൈക്കൂലി നൽകിയെന്ന് പറയുന്ന ദിവസം മകൻ പത്തനംതിട്ടയിലായിരുന്നുവെന്ന് നിയമന കോഴ വിവാദത്തിൽ ആരോപണ വിധേയനായ അഖിൽ മാത്യുവിന്റെ അമ്മ മോളി മാത്യു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിലാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ മകൻ പത്തനംതിട്ടയിൽ കുടുംബസമേതം വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്ന് പറഞ്ഞത്. അടുത്ത ബന്ധുവിന്റെ വിവാഹത്തിനായി ഏപ്രിൽ 10, 11 ദിവസങ്ങളിൽ മകൻ നാട്ടിലായിരുന്നുവെന്നും അവർ വ്യക്തമാക്കി.
ഉച്ചയ്ക്കു ശേഷമുള്ള വിവാഹത്തിലും വൈകിട്ടത്തെ സൽക്കാരത്തിനും മകൻ പങ്കെടുത്തുവെന്നും ഏപ്രിൽ 10 നും 11 നും നാട്ടിൽ ഉണ്ടായിരുന്നുവെന്നും അഖിലിന്റെ അമ്മ പറഞ്ഞു. മകൻ ഒരു തെറ്റും ചെയ്യില്ലെന്നും സത്യസന്ധമായി ജോലി ചെയ്യുന്ന ആളാണെന്നും പറഞ്ഞ അവർ വിവാദങ്ങൾ കണ്ടപ്പോൾ സങ്കടം തോന്നിയെന്നും വ്യക്തമാക്കി. പൊലീസ് അന്വേഷിച്ച് യഥാർത്ഥ കുറ്റക്കാരെ കണ്ടെത്തണം എന്നും മോളി മാത്യു ആവശ്യപ്പെട്ടു.
എന്നാൽ ഹരിദാസിന്റെ ആരോപണം പ്രകാരം വൈകിട്ട് നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് പണം നൽകിയതെന്ന് പറയുന്നു. തുടർന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ട്രെയിനിൽ താൻ നാട്ടിലേക്ക് പുറപ്പെട്ടതെന്നുമാണ് ഹരിദാസ് പറഞ്ഞത്. അഖിൽ മാത്യു തന്നെയാണ് പണം വാങ്ങിയതെന്നും പത്ത് മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ചയായിരുന്നുവെന്നും ഹരിദാസ് പറഞ്ഞിരുന്നു. അഖിൽ സജീവ് അയച്ചുതന്ന ഫോട്ടോ പ്രകാരമാണ് അഖിൽ മാത്യുവിനെ കണ്ടത്. അഖിൽ മാത്യുവിന്റെ ചിത്രം ഏഷ്യാനെറ്റ് ന്യൂസ് സംഘം ഹരിദാസിനെ കാണിച്ചപ്പോൾ ഇത് തന്നെയായിരിക്കാമെന്നായിരുന്നു ഹരിദാസിന്റെ മറുപടി. മറ്റൊരാൾ ആയിരിക്കുമോയെന്ന് തനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെന്നും അഖിൽ സജീവിന് ഇക്കാര്യത്തിൽ വ്യക്തമായ അറിവുണ്ടായിരിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam