ഉത്തരവില്‍ അവ്യക്തത; കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരെ ഇടതുപക്ഷ അധ്യാപക സംഘടന

By Web TeamFirst Published May 25, 2020, 11:18 PM IST
Highlights

സാധാരണ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം പോലും  മനസിലാക്കാതെ  അക്കാദമിക് കലണ്ടർ അനുസരിച്ചു ക്ലാസുകൾ നടത്തണം, ഹാജർ രേഖപെടുത്തണം തുടങ്ങിയ വിവരക്കേടുകൾ ആണ് ഉത്തരവിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കേരളത്തിലെ കോളേജുകളില്‍  ജൂൺ ഒന്നിന് തുറക്കണമെന്നും ഓൺലൈൻ ക്ലാസുകൾ ആരംഭിക്കണമെന്നും കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവില്‍ അവ്യക്തതയെന്ന് ഇടതുപക്ഷ അധ്യാപക സംഘടനയായ എകെപിസിടിഎ. ലോക്ക്ഡൗൺ കാലയളവ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനുള്ള അധ്യാപക പരിശീലനത്തിനും വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിനും ഉപയോഗപ്പെടുത്തണം എന്ന് അധ്യാപക സംഘടനകൾ വളരെ നേരത്തെ ആവശ്യപ്പെട്ടിട്ടും അതിനായി ഒരു ചെറുവിരൽപോലും അനക്കാതിരുന്ന അധികാരികൾ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് പരിഹാസ്യമായ നിർദ്ദേശങ്ങളുമായാണെന്ന് എകെപിസിടിഎ ഭാരവാഹികള്‍ പറഞ്ഞു.

സാധാരണ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം പോലും  മനസിലാക്കാതെ  അക്കാദമിക് കലണ്ടർ അനുസരിച്ചു ക്ലാസുകൾ നടത്തണം, ഹാജർ രേഖപെടുത്തണം തുടങ്ങിയ വിവരക്കേടുകൾ ആണ് ഉത്തരവിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. വിദ്യാർഥികൾക്ക്  ഇതിന് ആവശ്യമായ ഉപകരണങ്ങൾ അടക്കം നൽകി എല്ലാത്തിനും മേൽനോട്ടം വഹിക്കാൻ  പ്രിൻസിപ്പൽമാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

വിദ്യാഭ്യാസരംഗത്തെ എല്ലാ പരിഷ്കാരങ്ങളെയും തികച്ചും ബുദ്ധിശൂന്യമായ സംവിധാനങ്ങളുപയോഗിച്ച് തകർക്കുന്ന  സ്ഥിരം ബ്യൂറോക്രാറ്റിക് രീതി തന്നെയാണ്  ഈ ഉത്തരവിലും സ്ഥാനം പിടിച്ചിട്ടുള്ളത്. കമ്മ്യൂണിറ്റി റേഡിയോ ആരംഭിക്കുന്നത് പോലുള്ള കാലത്തിന് ചേരാത്ത നിർദ്ദേശങ്ങളും ഉണ്ട്  ഉത്തരവിൽ. കൊവിഡിന്റെ മറവിൽ സർവകലാശാലകളെ നോക്കുകുത്തിയാക്കി അക്കാദമിക് കാര്യങ്ങളിൽ പോലും കൈകടത്താൻ ആണ് ഉദ്യോഗസ്ഥവൃന്ദം ശ്രമിക്കുന്നത്.

ഇത്തരം ഉദ്യോഗസ്ഥരെ നേരാംവഴിക്കു നയിക്കുന്നതിനു പകരം വിസിമാരുടെ  യോഗം  വിളിച്ചുചേർത്തു തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന ഒരു പുതിയ ശൈലി ഇപ്പോൾ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. സെമസ്റ്റർ സമ്പ്രദായം എന്താണെന്ന് പോലും തിരിച്ചറിയാതെ പകുതി സെമസ്റ്ററുകളെ വ്യത്യസ്തമാക്കി മാറ്റാം  എന്നൊക്കെയാണ്  ഉന്നത വിദ്യാഭ്യാസവകുപ്പും ചില സർവ്വകലാശാലകളും ജല്പനം നടത്തുന്നത്.

കൊവിഡ് മറയാക്കി പല ഭരണകൂടങ്ങളും അമിതമായ അധികാരകേന്ദ്രീകരണം നടപ്പിലാക്കുമ്പോൾ തികച്ചും വികേന്ദ്രീകൃതവും ജനാധിപത്യപരവുമായ പ്രതിരോധസംവിധാനം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് കേരളം ഇന്ന് ലോകത്തിനാകെ മാതൃകയായി മാറിയിരിക്കുന്നത്. എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന ചിന്തയാണ് ഉന്നത വിദ്യാഭ്യാസവകുപ്പിനെ നയിക്കുന്നത്. കോളേജ് വിദ്യാഭ്യാസത്തെ അനിശ്ചിതാവസ്ഥയിലേക്ക് തള്ളിവിട്ടുകൊണ്ടും സർവ്വകലാശാല സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയുമാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ അധ്യാപകർക്ക്  പ്രതിഷേധ സമരങ്ങളുടെ പാത സ്വീകരിക്കേണ്ടി വരും.

ലോക്ക്ഡൗൺ കാലയളവ് മുഴുവൻ യാതൊരു ബാഹ്യപ്രേരണയും ഇല്ലാതെതന്നെ  ഓൺലൈൻ ക്ലാസുകൾ എടുക്കാനും അധ്യാപകപരിശീലനം സ്വയം സംഘടിപ്പിക്കാനും മുന്നിട്ടിറങ്ങിയ കേരളത്തിലെ കോളേജ് അധ്യാപകരെ അത്തരമൊരു ദുരവസ്ഥയിലേക്ക് തള്ളിവിടരുതെന്ന് എകെപിസിടിഎ അഭ്യർത്ഥിക്കുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു. കോളജധ്യാപകരുടെ ജോലിഭാരം കണക്കാക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് എകെപിസിടിഎ ആവശ്യപ്പെട്ടിരുന്നു. 

click me!