വടക്കഞ്ചേരി കിഴക്കഞ്ചേരി കണിച്ചിപ്പരുത വചനഗിരിയ്ക്ക് സമീപം റബര്‍ തോട്ടങ്ങളിലും, പൈനാപ്പിള്‍ കൃഷി ചെയ്ത തോട്ടങ്ങളിലും വന്‍ അഗ്‌നിബാധ. ഉപയോഗിക്കാത്ത മോട്ടര്‍ ഷെഡിലേക്കുള്ള ഇലക്ട്രിസിറ്റി ലൈനില്‍ നിന്നാണ് തീ ഉണ്ടായതെന്ന് കരുതുന്നു

തൃശൂര്‍: വടക്കഞ്ചേരി കിഴക്കഞ്ചേരി കണിച്ചിപ്പരുത വചനഗിരിയ്ക്ക് സമീപം റബര്‍ തോട്ടങ്ങളിലും, പൈനാപ്പിള്‍ കൃഷി ചെയ്ത തോട്ടങ്ങളിലും വന്‍ അഗ്‌നിബാധ. ഉപയോഗിക്കാത്ത മോട്ടര്‍ ഷെഡിലേക്കുള്ള ഇലക്ട്രിസിറ്റി ലൈനില്‍ നിന്നാണ് തീ ഉണ്ടായതെന്ന് കരുതുന്നു. വചനഗിരിയില്‍ പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ പ്ലാന്‍റ് എസ്റ്റേറ്റ്, അടുത്തുള്ള ഇടയാടി റബര്‍ തോട്ടം, വചനഗിരിയില്‍ സെന്‍റ് ജോര്‍ജ് പള്ളി വക എസ്റ്റേറ്റുകള്‍, റൂബി റബര്‍ തോട്ടങ്ങള്‍, 35 ഏക്കര്‍ പൈനാപ്പിള്‍ കൃഷി ചെയ്ത തോട്ടം എന്നിവയാണ് കത്തി നശിച്ചത്. ഏകദേശം 50 ഏക്കറിൽ റബര്‍ തോട്ടവും മറ്റും കത്തിയതില്‍ ഉള്‍പ്പെടും. കൂടാതെ തെങ്ങുകളും തേക്കുകളും മറ്റും കത്തി നശിച്ചിട്ടുണ്ട്. ഉച്ചയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. ഈ സമയത്ത് കാറ്റ് ഉണ്ടായതായി തൊഴിലാളികളും സമീപവാസികളും മറ്റും പറയുന്നു. കാറ്റ് ശക്തമായതിനാൽ തീ നിയന്ത്രിക്കാന്‍ കഴിയാതെയായി. വടക്കഞ്ചേരിയില്‍നിന്നും ഫയർഫോഴ്സ് വരുമ്പോഴേക്കും തീ പല മേഖലകളിലേക്കും പടര്‍ന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫയര്‍ ഫോഴ്‌സ് വാഹനം തോട്ടം മേഖലയില്‍ എത്തിപ്പെടാന്‍ പറ്റാതെ വന്നതും തീ അണയ്ക്കുന്നതിന് തടസമായി. തോട്ടംതൊഴിലാളികളുടേയും, നാട്ടുകാരുടേയും ശ്രമഫലമായി തീ നിയന്ത്രണ വിധേയമായെങ്കിലും വൈകുന്നേരവും തീ പരിപൂര്‍ണമായി കെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഫയർഫോഴിസും നാട്ടുകാരും അടങ്ങുന്ന വലിയൊരു കൂട്ടം ആളുകളുടെ ശ്രമ ഫലമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്.