അലനെയും താഹയെയും സിപിഎം പുറത്താക്കി, നടപടി പന്നിയങ്കര ലോക്കൽ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു

By Web TeamFirst Published Nov 12, 2019, 10:58 AM IST
Highlights

എല്ലാ ബ്രാഞ്ചുകളിലെയും അം​ഗങ്ങളുടെ പ്രവ‌ർത്തനം പരിശോധിക്കാനും തീവ്ര ഇടത് വ്യതിയാനമുള്ളവരെ പുറത്താക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. 

കോഴിക്കോട്: യുഎപിഎ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം ലോക്കൽ ജനറൽ ബോഡി യോ​ഗത്തിൽ റിപ്പോ‌‌‌ർട്ട് ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റം​ഗം ടി പി ദാസനാണ് പന്നിയങ്കര ലോക്കൽ കമ്മിറ്റിയിൽ നടപടി റിപ്പോ‌ർട്ട് ചെയ്തത്. തൽക്കാലം ഈ നടപടി പരസ്യപ്പെടുത്തില്ല. എല്ലാ ബ്രാഞ്ചുകളിലെയും അം​ഗങ്ങളുടെ പ്രവ‌ർത്തനം പരിശോധിക്കാനും തീവ്ര ഇടത് വ്യതിയാനമുള്ളവരെ പുറത്താക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. 

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സിപിഎം മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പന്നിയങ്കര ലോക്കൽ കമ്മിറ്റിക്ക് കീഴിലാണ് അലൻ ഉൾപ്പെട്ടിരിക്കുന്നത്. 

അലനെയും ഷുഹൈബിനെയും പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് കോഴിക്കോട് ഡിസ്ട്രിക്ട് സെഷൻസ് കോടതിയിൽ അപേക്ഷ നൽകും. താഹ ഫസലിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ലാപ്ടോപ്പ്, പെൻഡ്രൈവ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവയിലെ ഡോക്യുമെന്റുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിനകത്തുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാകും ചോദ്യം ചെയ്യൽ. 

ഇവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് രക്ഷപ്പെട്ട മൂന്നാമൻ എവിടെ എന്നത് സംബന്ധിച്ച് ഒരു വിവരവും പൊലീസിന് കിട്ടിയിട്ടില്ല. കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന അലന്റെയും താഹയുടെയും ജാമ്യഹർജി 14ാം തീയതി ഹൈക്കോടതി പരിഗണിക്കും.

click me!