പ്രശസ്ത നാടക കലാകാരൻ ആലപ്പി ബെന്നി അന്തരിച്ചു

Published : Dec 27, 2023, 06:01 PM IST
പ്രശസ്ത നാടക കലാകാരൻ ആലപ്പി ബെന്നി അന്തരിച്ചു

Synopsis

മലയാള പ്രൊഫഷണല്‍ നാടകരംഗത്ത് ഗായകന്‍, നടന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു

കൊല്ലം: നാടക കലാകാരൻ ആലപ്പി ബെന്നി (ബെന്നി ഫെര്‍ണാണ്ടസ്-72) അന്തരിച്ചു.  പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. പത്തനാപുരം ഗാന്ധിഭവനിലെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ അന്തേവാസിയായി കഴിഞ്ഞു വരികയായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്നാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലയാള പ്രൊഫഷണല്‍ നാടകരംഗത്ത് ഗായകന്‍, നടന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. അവശനിലയിൽ ബെന്നിയെ രണ്ടാഴ്ച മുമ്പാണ് പരിചയക്കാര്‍ ഗാന്ധിഭവനിലെത്തിച്ചത്. 

റോബര്‍ട്ട് ഫെര്‍ണാണ്ടസ്-ജയിന്‍ ദമ്പതികളുടെ മകനായി ആലപ്പുഴയിലെ പൂങ്കാവില്‍ ജനിച്ച ബെന്നി പിതാവില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങളും ഹാര്‍മ്മോണിയം വായനയും പരിശീലിച്ചത്. തുടര്‍ന്ന് നിരവധി ഗുരുക്കന്മാരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. വി സാംബശിവന്റെ കഥാപ്രസം സംഘത്തില്‍ ഹാര്‍മ്മോണിസ്റ്റായി കഥാപ്രസംഗ വേദികളിലെത്തിയ ബെന്നി, എംഎസ്  ബാബുരാജിന്റെ സഹായിയായി ചലച്ചിത്ര രംഗത്തും പ്രവര്‍ത്തിച്ചു. 

എംജി സോമന്‍, ബ്രഹ്‌മാനന്ദന്‍ തുടങ്ങിയവര്‍ക്കൊപ്പം തോപ്പില്‍ രാമചന്ദ്രന്‍പിള്ളയുടെ കായംകുളം കേരള തീയേറ്റേഴ്‌സിലൂടെയാണ് നാടക രംഗത്തെത്തിയത്. പിന്നീട് സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയേറ്റേഴ്‌സ്,  കായംകുളം പീപ്പിള്‍ തിയേറ്റേഴ്‌സ്, കൊല്ലം യൂണിവേഴ്‌സല്‍ തുടങ്ങിയ സമിതികളിലൂടെ നാടകങ്ങളില്‍ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതരാണ് നാടക ഗാനരംഗത്തേക്ക് ബെന്നിയെ എത്തിച്ചത്.

നാടക രംഗത്തെ തിരക്കുകൾക്കിടെ 1996 മാര്‍ച്ച് 10 നുണ്ടായ ഒരപകടത്തില്‍ ബെന്നിയുടെ ഇടതുകാല്‍, മുട്ടിനോട് ചേര്‍ത്തു മുറിച്ചു മാറ്റേണ്ടിവന്നു. തിരുവനന്തപുരം  നെടുമങ്ങാട്ട് നാടകം കഴിഞ്ഞ് കൊല്ലത്തേക്ക് വരും വഴി കൊട്ടിയം മേവറത്തുവച്ച് നാടകവണ്ടി ബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ശരീരത്തെയും മനസ്സിനെയും ഒരുപോലെ തകര്‍ത്ത ആ ദുരന്തത്തെ തുടര്‍ന്ന് നാടക വേദിയോട് എന്നെന്നേക്കുമായി ബെന്നി വിടപറഞ്ഞു. തുടര്‍ന്ന് ഭക്തിസംഗീത മേഖലയിലേക്ക് തിരിഞ്ഞു. 

അഞ്ഞൂറോളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. നൂറിലധികം നാടക ഗാനങ്ങള്‍ക്കും ക്രിസ്തീയ ഭക്തിഗാനങ്ങളുമടക്കം നിരവധി ആല്‍ബങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. നടന്‍ മോഹന്‍ലാല്‍ ആദ്യമായി പാടിയ ക്രിസ്തീയ ഭക്തിഗാനം ബെന്നിയുടേതാണ്.  സംഗീതസംവിധായകനായ ശരത്ത് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ബെന്നിയുടെ ശിഷ്യന്മാരായുണ്ട്.  15 കൊല്ലം മുമ്പ് രോഗബാധിതനായി ഗാന്ധിഭവനിലെത്തിയ ബെന്നി ഒന്നരവര്‍ഷത്തോളം അവിടെ അന്തേവാസിയായി കഴിഞ്ഞിരുന്നു. ഈ മാസം 14 ന് അഡ്വ എഎം  ആരിഫ് എംപിയുടെ ശുപാര്‍ശ കത്തുമായാണ് അവശനിലയില്‍ ആലപ്പി ബെന്നിയെ ഗാന്ധിഭവനിലെത്തിച്ചത്. വലതുകാലിന്റെയും സ്വാധീനം നഷ്ടപ്പെട്ട നിലയിലായിരുന്നു. രോഗനില വഷളായതിനെ തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
'ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിക്ക് വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്'; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വി എസ് സുനിൽകുമാർ