ആലപ്പുഴ അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

Published : Dec 06, 2024, 03:03 PM IST
ആലപ്പുഴ അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

Synopsis

കാക്കാഴം സ്വദേശി ഷാമിൽ ഖാനെതിരെയാണ് മോട്ടോർ വാഹന നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാൾ മെഡിക്കൽ വിദ്യാർത്ഥികൾക്ക് വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നൽകിയെന്ന് കണ്ടെത്തി.

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറ് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമയ്ക്കെതിരെ കേസെടുത്തു. കാക്കാഴം സ്വദേശി ഷാമിൽ ഖാനെതിരെയാണ് മോട്ടോർ വാഹന നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാൾ മെഡിക്കൽ വിദ്യാർത്ഥികൾക്ക് വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നൽകിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മോട്ടോർ വാഹന വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകും. ആലപ്പുഴ എൻഫോഴ്സ്മെൻ്റ് ആർടിഒ ആര്‍ രമണനാണ് കേസെടുത്തത്.

കാറുടമ ഷാമിൽ ഖാൻ ​ഗൂ​ഗിൾപേ വഴി പണം അയച്ചുവാങ്ങിയതായി പൊലീസ് കണ്ടെത്തിയെന്ന് ആലപ്പുഴ ആർടിഒ ദിലു കെ നേരത്തെ വ്യക്തമാക്കിയിരുന്നു. റെന്‍റ് എ ക്യാബിനുള്ള ലൈസൻസ് വാഹന ഉടമയ്ക്ക് ഇല്ല. വാഹന ഉടമയ്ക്കെതിരെ വേറെയും പരാതികളുണ്ടെന്ന് ആർടിഒ പറഞ്ഞു. അനധികൃതമായി വാഹനം റെന്‍റിന് നൽകുന്നു എന്നാണ് പരാതികൾ. വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും. നിയമ വിരുദ്ധമായി റെന്‍റ് എ ക്യാബ് നൽകിയതിനാൽ ആർസി ബുക്ക് റദ്ദാക്കും. വാഹന ഉടമയ്ക്കെതിരെ പ്രോസിക്യൂഷൻ നടപടി ഉണ്ടാകുമെന്നും കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും ആർടിഒ കെ ദിലു അറിയിച്ചു. 

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. ആലപ്പുഴ എടത്വ സ്വദേശി ആൽബിൻ ജോർജ്, പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് ആര് പേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേര്‍ന്നത്.

Also Read: മകന്റെ വെള്ളക്കോട്ട് നെഞ്ചോട് ചേർത്ത് അമ്മ, ഫുട്ബോൾ കമ്പക്കാരനായതിനാൽ നാട്ടിൽ പഠിപ്പിച്ചു; ആൽബിന് വിട നൽകി

കാറിൽ 11 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് ആറ് പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'
കിളിമാനൂര്‍ വാഹനാപകടം; മുഖ്യപ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ, ഒളിവിലുള്ള വിഷ്ണുവിനായി തമിഴ്നാട്ടിലേക്കും അന്വേഷണം