നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപ്പാസ് 28 ന് ഉദ്ഘാടനം ചെയ്യും

By Web TeamFirst Published Jan 21, 2021, 4:44 PM IST
Highlights

ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകുന്നവര്‍ക്ക് ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ ആലപ്പുഴ ബീച്ചിനരികിലൂടെ യാത്ര ചെയ്യാന്‍ കഴിയും.

ആലപ്പുഴ: നാലരപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിന്‍റെ ഒടുവിൽ ആലപ്പുഴ ബൈപ്പാസ് അടുത്ത വ്യാഴാഴ്ച നാടിന് സമർപ്പിക്കും. പ്രധാനമന്ത്രിക്ക് എത്താൻ കഴിയില്ലെന്ന് അറിയിച്ചതോടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രിയും ചേർന്ന് ഉട്ഘാടനം ചെയ്യും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തുല്യപങ്കാളിത്തതോടെ 350 കോടിയിലധികം രൂപ മുടക്കിയാണ് ബൈപ്പാസ് പൂർത്തിയാക്കിയത്.

1987 ൽ തുടക്കം കുറിച്ച സ്വപ്നം ആണ് നാലരപതിറ്റാണ്ടിന് ശേഷം യാഥാർത്ഥ്യമാകുന്നത്. ഈ മാസം 28 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയും ചേർന്ന് ആലപ്പുഴ ബൈപ്പാസ് തുറന്നുകൊടുക്കും. ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ ദേശീയപാതയിൽ ഗതാഗത കുരുക്കില്ലാതെ ആലപ്പുഴ കടന്നുപോകാനാകും. പദ്ധതി ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിക്ക് താൽപര്യമുണ്ടെന്ന് നവംബർ പകുതിയോടെ സംസ്ഥാനത്തെ അറിയിച്ചതാണ്. എന്നാൽ ഉദ്ഘാടന തീയതി സംബന്ധിച്ച് പിന്നീട് യാതൊരു അറിയിപ്പുമുണ്ടായില്ല. ഇതോടെ സ്വന്തം നിലയ്ക്ക് ബൈപ്പാസ് തുറക്കേണ്ടിവരുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ കേന്ദ്ര സർക്കാരിനെ രേഖാമൂലം അറിയിച്ചു. തുടർന്നാണ് പ്രധാനമന്ത്രിക്ക് എത്താൻ അസൗകര്യം ഉണ്ടെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി ഉദ്ഘാടനത്തിനായി എത്തുമെന്നും അറിയിപ്പ് കിട്ടിയത്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ 172 കോടി വീതമാണ് പദ്ധതിക്കായി ചെലവിട്ടത്. ഇതോടൊപ്പം റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനും ജംഗ്ഷനുകളുടെ നവീകരണത്തിനുമായി സംസ്ഥാനം 25 കോടി പ്രത്യേകം മുടക്കി. ബൈപ്പാസിന്‍റെ ഭാരപരിശോധനയടക്കം എല്ലാം പൂർത്തീയായിട്ടുണ്ട്. 6.8 കിലോമീറ്ററാണ് ബൈപ്പാസിന്‍റെ നീളം. അതില്‍ 4.8 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയും 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമാണ്. ആലപ്പുഴ ബീച്ചിന്‍റെ സൗന്ദര്യം ആസ്വദിച്ച് ബൈപ്പാസിലൂടെ യാത്ര ചെയ്യാം. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍റെ വാക്കുകൾ കടമെടുത്താൽ അതി സുന്ദരമായ ഒരു മത്സ്യകന്യകാ ശില്പമാണ് ആലപ്പുഴ ബൈപ്പാസ്.

click me!