
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടി. കരുമാടി കളത്തിൽ പാലത്തിനു സമീപമാണ് പൈപ്പ് പൊട്ടിയത്. കുടിവെള്ള വിതരണത്തെ ബാധിക്കില്ലെന്ന് ജല അതോറിറ്റി അറിയിച്ചു.
പതിവായി പൈപ്പ് പൊട്ടുന്ന ഇടത്തല്ല ഇപ്പോള്‍ പൊട്ടലുണ്ടായിരിക്കുന്നത്. ഇത് വലിയ പൊട്ടല്‍ അല്ലെന്നും വാൽവിലെ ചോർച്ച മാത്രമാണെന്നും ജല അതോറിറ്റി പറഞ്ഞു.
ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞദിവസം ആലപ്പുഴയില്‍ ചേര്‍ന്ന മന്ത്രിതല യോഗം പരാജയപ്പെട്ടിരുന്നു . നിലവാരം കുറഞ്ഞ പൈപ്പ് മൂന്നുമാസത്തിനുള്ളില്‍ മാറ്റിസ്ഥാപിക്കാനാവില്ലെന്ന് ഇതോടെ ഉറപ്പാവുകയും ചെയ്തു.
മന്ത്രിമാരായ കെ കൃഷ്ണന്‍ കുട്ടി, തോമസ് ഐസക് , മേഴ്സിക്കുട്ടിയമ്മ ഉള്‍പ്പടെയുള്ളവരാണ് ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. നിലവാരം കുറഞ്ഞ, ഒന്നര കിലോമീറ്റര്‍ നീളമുള്ള പൈപ്പ് മൂന്നുമാസത്തിനുള്ളിൽ പൂർണമായും മാറ്റി സ്ഥാപിച്ച ശാശ്വതപരിഹാരം കാണാൻ ആയിരുന്നു കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. എന്നാല്‍, ഇത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം യോഗത്തിലെ തീരുമാനം പോലെ എം എസ് പൈപ്പ് ഇടാൻ കഴിയില്ല. എംഎസ് പൈപ്പ് വാങ്ങാൻ ഒരു വർഷമെങ്കിലും എടുക്കും. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ ഇപ്പോൾ ഇട്ടിരിക്കുന്ന HDPE പൈപ്പ് തന്നെ വാങ്ങേണ്ടിവരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെയാണ് ആലപ്പുഴയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞത്. പ്രശ്നപരിഹാരത്തിനായി അടുത്തയാഴ്ച തിരുവനന്തപുരത്ത് വീണ്ടും ചര്‍ച്ച നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam