
ആലപ്പുഴ : 2026 നിയമസഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എ.ഡി. തോമസിന് വിജയം. 81065 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എ.ഡി. തോമസ് വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി പി.പി. ചിത്തരഞ്ജൻ 60050 വോട്ടുകളും, ബിജെപി സ്ഥാനാർഥി എം.ജെ. ജോബ് 15373 വോട്ടുകളും നേടി.
ഇടതിനും വലതിനും ആധിപത്യം നിലനിന്നിരുന്ന മണ്ഡലമായിരുന്നു ആലപ്പുഴ. 2001-ലും 2006-ലും കെ.സി. വേണുഗോപാൽ മണ്ഡലത്തെ പ്രതിനിധീകരിച്ച കാലത്ത് യുഡിഎഫിന് ഇവിടെ വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാൽ പിന്നീട് രാഷ്ട്രീയ ചിത്രം മാറി. 2011 മുതൽ മണ്ഡലത്തിൽ ഇടതുപക്ഷത്തിനാണ് മേൽക്കൈ. ഡോ. ടി.എം. തോമസ് ഐസക് എംഎൽഎയും ധനമന്ത്രിയുമായിരുന്ന കാലത്ത് കൊണ്ടുവന്ന വികസന പദ്ധതികൾ ആലപ്പുഴയുടെ മുഖച്ഛായ മാറ്റിമറിക്കുകയും ഇടതുപക്ഷത്തിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നൽകുകയും ചെയ്തു. എങ്കിലും 2009-ലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിലെ എ.എ. ഷുക്കൂർ വിജയിച്ചത് മണ്ഡലത്തിലെ രാഷ്ട്രീയ ചാഞ്ചാട്ടങ്ങളുടെ തെളിവാണ്.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ വിധി
2011-ലെ തെരഞ്ഞെടുപ്പിൽ 1,93,532 രജിസ്റ്റർ ചെയ്ത വോട്ടർമാരുണ്ടായിരുന്ന ഈ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി.എം. തോമസ് ഐസക് 75,857 വോട്ടുകൾ നേടി വിജയിച്ചു. യുഡിഎഫിന്റെ അഡ്വ. പി.ജെ. മാത്യുവിന് 59,515 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥി കൊട്ടാരം ഉണ്ണിക്കൃഷ്ണന് ലഭിച്ചത് വെറും 3,450 വോട്ടുകൾ മാത്രമായിരുന്നു.
2016-ലും ചരിത്രം ആവർത്തിച്ചു 1,41,243 വോട്ടർമാരുണ്ടായിരുന്ന മണ്ഡലത്തിൽ തോമസ് ഐസക് തൻറെ ഭൂരിപക്ഷം വർധിപ്പിച്ചു. 83,211 വോട്ടുകൾ നേടിയ അദേഹത്തിന് മുന്നിൽ യുഡിഎഫ് സ്ഥാനാർഥി ലാലി വിൻസെൻറിന് (52,179 വോട്ടുകൾ) പിടിച്ചുനിൽക്കാനായില്ല. എൻഡിഎ സ്ഥാനാർഥി രഞ്ജിത്ത് ശ്രീനിവാസ് 18,214 വോട്ടുകൾ നേടി.
2021-ൽ ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ എൽഡിഎഫിനായി പി.പി. ചിത്തരഞ്ജൻ 73,412 വോട്ടുകൾ നേടി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി ഡോ. കെ.എസ്. മനോജിന് 61,768 വോട്ടുകൾ ലഭിച്ചു. 11,644 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചിത്തരഞ്ജൻ നേടിയത്. എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വചസ്പതി 21,652 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam