
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒരാൾ കൂടി കസ്റ്റഡിയിൽ. അറസ്റ്റിലായ തസ്ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താനാണ് പിടിയിലായത്. ചെന്നൈയിലെ എന്നൂർ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് എക്സൈസ് കണ്ടെത്തി. തസ്ലീമ അറസ്റ്റിലായ ശേഷം ഭർത്താവ് എക്സൈസുമായി ബന്ധപ്പെടുകയോ എന്നും ഉണ്ടായില്ല. എക്സൈസ് ബന്ധപ്പെട്ടപ്പോള്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫായിരുന്നു. ഭര്‍ത്താവിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ഇയാള്‍ക്ക് ചെന്നൈയില്‍ മൊബൈല്‍ ഷോപ്പ് ഉണ്ടെന്നും ഇവിടേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി മലേഷ്യ അടക്കമുള്ള സ്ഥലങ്ങള്‍ സ്ഥിരം സന്ദര്‍ശനം നടത്താറുണ്ടെന്നും എക്സൈസ് കണ്ടെത്തിയത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം.
ആലപ്പുഴയിൽ വെച്ച് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താനയെ ചോദ്യം ചെയ്തതിൽ നിന്നാണ് മലയാള സിനിമയുമായുളള ബന്ധം പുറത്തുവന്നത്. വർഷങ്ങളായി സിനിമ മേഖലയിൽ സജീവമാണ് പിടിയിലായ തസ്ലിമ സുൽത്താന. തിരക്കഥ വിവർത്തനമാണ് ഇവരുടെ ജോലി. തസ്ലിമയ്ക്ക് എട്ട് ഭാഷകളിൽ പ്രവീണ്യമുണ്ട്. ബഹുഭാഷാ സിനിമകളുടെ തിരക്കഥകൾ പരിഭാഷ നടത്തുകയാണ് ജോലിയെന്നും പല സിനിമാക്കാർക്കും ലഹരിമരുന്ന് എത്തിച്ച് നൽകിയിരുന്നെന്നുമായിരുന്നു മൊഴി. ഇവരുടെ ഫോണുകൾ അടക്കമുളളവ പരിശോധിച്ചപ്പോഴാണ് നേരത്തെ തന്നെ പൊലീസിന്‍റെയും എക്സൈസിന്‍റെയും നോട്ടപ്പുള്ളികളായ ചിലരുടെ സംഭാഷണങ്ങൾ കണ്ടത്. ഈ നടൻമാരെ ചോദ്യം ചെയ്യുമെന്ന് എക്സൈസ് അറിയിച്ചതിന് പിന്നാലെയാണ് നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയും പിന്നീട് ഹര്‍ജി പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം