ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ സ്ഥാനമാറ്റം; പ്രതിഷേധം അറിയിച്ച് കെജിഎംസിടിഎ

By Web TeamFirst Published Aug 22, 2021, 10:39 AM IST
Highlights

രോഗികളുടെ മരണം കൃത്യസമയത്ത് ബന്ധുക്കളെ അറിയിക്കാത്തത് ഉൾപ്പെടെ ആശുപത്രിക്ക് എതിരെ തുടർച്ചയായി പരാതികൾ ഉയർന്നിരുന്നു.

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്രണ്ടിന്‍റെ സ്ഥാനമാറ്റത്തില്‍ പ്രതിഷേധം അറിയിച്ച് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ. താങ്ങാവുന്നതിലും അപ്പുറം ഭാരം ആരോഗ്യ പ്രവർത്തകർ നേരിടുന്നു. ഉത്തരവാദിത്തം മുഴുവൻ സൂപ്രണ്ടിൽ കെട്ടി വെക്കാൻ ശ്രമമുണ്ടായി എന്നും കെജിഎംസിടിഎ വിമര്‍ശിക്കുന്നു.

രോഗികളുടെ മരണം കൃത്യസമയത്ത് ബന്ധുക്കളെ അറിയിക്കാത്തത് ഉൾപ്പെടെ ആശുപത്രിക്ക് എതിരെ തുടർച്ചയായി പരാതികൾ ഉയർന്നിരുന്നു. രണ്ട് രോഗികള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ബന്ധുക്കളെ വിവരമറിയിച്ചത്. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ രാംലാലിനെ മാറ്റിയത്. ഡോ. സജീവ് ജോര്‍ജ് പുളിക്കലാണ് പുതിയ സൂപ്രണ്ട്.

കൊല്ലം കാവനാട് വാലുവിള ദേവദാസ് (58), ചെങ്ങന്നൂര്‍ പെണ്ണുക്കര കവിണോടിയില്‍ തങ്കപ്പന്‍ (68) എന്നിവരുടെ മരണവിവരമാണ് യഥാസമയം ബന്ധുക്കളെ അറിയിക്കാതിരുന്നത്. ബന്ധുക്കള്‍ ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നിട്ടും മരണം അറിയിക്കാതിരുന്നതിന് എതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി സൂപ്രണ്ടിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

click me!