Alappuzha Murders: ആലപ്പുഴ കൊലപാതകങ്ങൾക്ക് പിന്നാലെ കേരളത്തിന് വെല്ലുവിളിയായി മതസ്പർദ്ധ വളർത്തുന്ന പ്രചാരണങ്ങൾ

By Web TeamFirst Published Dec 23, 2021, 2:33 PM IST
Highlights

നവ മാധ്യമങ്ങളിൽ വ്യാജപ്രചാരണം ശ്രദ്ധയിൽ പെട്ടാൽ ഉടൻ നടപടി സ്വീകരിക്കാൻ ഡിജിപി നിർദ്ദേശം നൽകി

ആലപ്പുഴ: ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴയിൽ സമൂഹത്തിന് വെല്ലുവിളിയായി മതസ്പർദ്ധ വളർത്തുന്ന പ്രചാരണങ്ങൾ. സംഘർഷങ്ങൾക്ക് ശേഷം മതസ്പർദ്ധ വളർത്തുന്ന രീതിയിൽ സോഷ്യൽ മീഡിയ പ്രചരണം വ്യാപകമായി നടക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ വ്യാജപ്രചാരണങ്ങളുമായി ബന്ധപ്പെട്ട് 30 കേസുകൾ രജിസ്റ്റർ ചെയ്തു. നവ മാധ്യമങ്ങളിൽ വ്യാജപ്രചാരണം ശ്രദ്ധയിൽ പെട്ടാൽ ഉടൻ നടപടി സ്വീകരിക്കാൻ ഡിജിപി നിർദ്ദേശം നൽകി. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് ഏറ്റവും കൂടുതൽ കേസെടുത്തത് എറണാകുളം റൂറൽ പൊലീസിന്റെ പരിധിയിലാണ്, 13 കേസുകൾ.

മതസ്പർദ്ധ ( Religious hatred ) വളർത്തുന്ന സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കും സമൂഹമാധ്യമങ്ങളിലൂടെ (Social Media) പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വിദ്വേഷം പ്രചരിപ്പിക്കുന്നവർ ഇതിനെ തീർത്തും വകവെച്ചില്ല. ഇതോടെയാണ് നടപടി കർശനമാക്കാനും കേസെടുക്കാനും തീരുമാനിച്ചത്.

ആർഎസ്എസിനെതിരെ പോരാടുമ്പോൾ മരിക്കുന്നത് മഹത്തരം: പിഎഫ്ഐ

ബിജെപിക്കും ആർഎസ്എസിനുമെതിരെ വിമർശനവുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (Popular Front Of India) ഇന്ന് രംഗത്ത് വന്നു. ഹിന്ദു - മുസ്ലീം വർഗ്ഗീയ കലാപം ലക്ഷ്യമിട്ട് ബിജെപി (BJP) സംസ്ഥാന  അധ്യക്ഷൻ കെ.സുരേന്ദ്രൻ (K.Surendran) പോപ്പുലർ ഫ്രണ്ടിനെതിരെ നിരന്തരം നുണപ്രചാരണം നടത്തുകയാണെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ആർഎസ്എസിനെതിരെ പോരാടുമ്പോൾ മരിക്കുന്നത് മഹത്തരമാണെന്നും സത്യത്തിന് വേണ്ടി പോരാടുമ്പോൾ സ്വർഗ്ഗം ലഭിക്കുമെന്നും നേതാക്കൾ തുറന്നു പറഞ്ഞു. ഒബിസി മോ‍ർച്ചാ നേതാവ് രൺജിത്തിനെ വധിച്ച കേസിൽ പ്രതികളെ പോപ്പുല‍ർ ഫ്രണ്ട് സംരക്ഷിക്കുന്നുവെന്ന ആരോപണത്തിൽ ഏത് അന്വേഷണത്തേയും സ്വാ​ഗതം ചെയ്യുന്നതായും നേതൃത്വം വ്യക്തമാക്കി. 

രഞ്ജിത്ത് വധക്കേസ് പ്രതികൾ സംസ്ഥാനം വിട്ടു: ഐജി

ആലപ്പുഴ രൺജീത് വധക്കേസിലെ  (Alappuzha Murder Cases) പ്രതികൾ കേരളം വിട്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി വിജയ് സാഖറെ. പ്രതികൾക്ക് പുറത്തുനിന്നു സഹായം ലഭിച്ചുവെന്നും പ്രതികൾ മൊബൈൽ ഒഴിവാക്കി സഞ്ചരിക്കുന്നത് അന്വേഷണത്തിന് വെല്ലുവിളിയാണെന്നും വിജയ് സാഖറെ പറഞ്ഞു. പൊലീസ് പ്രതികളുടെ പിന്നാലെ തന്നെയുണ്ട്. ​ഗൂഡാലോചന സംബന്ധിച്ച് വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും എഡിജിപി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇരു കൊലപാതകങ്ങളിലെയും പ്രതികളെ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രമസമാധാനം ഉറപ്പുവരുത്താനാണ് പ്രഥമി പരി​ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

click me!