
ആലപ്പുഴ: കേരളത്തിൽ നിയമവാഴ്ച തകർന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ (V Muraleedharan). ബിജെപിക്കാർക്ക് (BJP) കേരളത്തിൽ ജീവിക്കാൻ പോലും സാഹചര്യം ഇല്ലാത്ത അവസ്ഥയാണ്. ഈ നിലയ്ക്കാണ് കേരളത്തിലെ കാര്യങ്ങളെ സംസ്ഥാന സർക്കാർ കൊണ്ടുപോകുന്നതെന്നും മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
ഇന്നലത്തെ അക്രമത്തിനു ശേഷം എന്തു നടപടി പൊലീസ് എടുത്തു എന്ന് മുഖ്യമന്ത്രി പറയണം. ഒരു മാസത്തിനിടെ അഞ്ച് കൊലപാതകങ്ങളുണ്ടായി, മുഖ്യമന്ത്രി അക്രമികൾക്ക് വളം വച്ചു കൊടുക്കരുതെന്നാണ് വി മുരളീധരൻ്റെ ഉപദേശം. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്‍റെ കൊലപാതകത്തിൽ സംസ്ഥാന ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് ബിജെപി.
ഞായറാഴ്ച രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. മണിക്കൂറുകൾക്ക് മുമ്പ് നടന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്‍റെ കൊലപാതകത്തിന്റെ പ്രതികാരമായിരുന്നു ആക്രമണമെന്നാണ് അനുമാനിക്കുന്നത്. രഞ്ജിത്തിനെ കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ടാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിക്കുന്നത്.
എസ്ഡിപിഐയുടെ ആലപ്പുഴയിലെ പ്രധാന നേതാവായ ഷാനിന്റെ കൊലപാതക വാർത്ത പുറത്തു വന്നതിനു പിന്നാലെ പ്രത്യാക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ആക്രമണ സാധ്യത തിരിച്ചറിയാൻ ഇന്റലിജൻസിനു കഴിഞ്ഞില്ല എന്നാണ് വിമർശനം. പൊലീസ് വിന്യാസം കൂടുതൽ ശക്തമാക്കിയിരുന്നെങ്കിൽ ആലപ്പുഴ നഗരമധ്യത്തിൽ ബിജെപി നേതാവിന് നേരെയുണ്ടായ ആക്രമണമെങ്കിലും തടയാൻ കഴിയുമായിരുന്നു എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളിലും കർശന നടപടി എടുക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്താൻ ജനം തയ്യാറാകാണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയവിവാദം മാറ്റി കലാപകാരികളെ ഒറ്റപ്പെടുത്തണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. പൊലീസിന് വീഴ്ചയില്ലെന്ന് സിപിഎം വിശദീകരിക്കുമ്പോഴും വിവിധ കേസുകളിൽ പൊലീസ് നിരന്തരം പ്രതിക്കൂട്ടിലായിരിക്കെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലും കൊലപാതകങ്ങളും ആഭ്യന്തരവകുപ്പിന്‍റെ വീഴ്ചയായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam