
ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് മണ്ണഞ്ചേരിയിലേയും ആലപ്പുഴ വെള്ളക്കിണറിയിലേയും ജനം. വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദുവിന്റെ കൊലപാതകത്തിന് ശേഷം ജില്ലയില്‍ എസ്ഡിപിഐ- ആര്‍എസ്എസ് സംഘര്‍ഷം (SDPI-RSS Conflict in Alappuzha) കാര്യമായി ഉണ്ടായിരുന്നില്ല. അടുത്തിലെ മാവേലിക്കരയിലും മണ്ണഞ്ചേരിയിലും എസ്ഡിപിഐ-ഡിവൈഎഫ്‌ഐ സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ പൊലീസിന്റെ കൃത്യമായ ഇടപെടലില്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നുമുണ്ടായില്ല. ആലപ്പുഴ കോടതിയിലെ അഭിഭാഷകനായ രഞ്ജിത്ത് ശ്രീനിവാസ് (Ranjith Sreenivas) ഒരുതവണ ആലപ്പുഴ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. മണ്ണഞ്ചേരിയില്‍ എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട ഷാനും(Shan). എസ്ഡിപിഐയുടെ ശക്തികേന്ദ്രമായ മണ്ണഞ്ചേരിയില്‍ കൊലപാതകം നടന്നത് പ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാനിയിട്ടില്ല.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബി ജെപി പ്രവര്‍ത്തകരാണ് പിടിയിലായത്. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ് ഡിപിഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ ആംബുലന്‍സില്‍നിന്നാണ് പിടികൂടിയത്. എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എസ്ഡിപിഐയുടെ ആംബുലന്‍സും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ, രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും കൃത്യമായ ആസൂത്രണം നടന്നതായാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ഫെബ്രുവരിയില്‍ ആലപ്പുഴ വയലാറില്‍ ആര്‍എസ്എസ്. പ്രവര്‍ത്തകനായ നന്ദുവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് കെ എസ് ഷാനെ വകവരുത്തിയതെന്നാണ് സൂചന. ഷാനെ ആര്‍എസ്എസുകാര്‍ നേരത്തെ ലക്ഷ്യമിട്ടിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഷാനിന്റെ ശരീരത്തില്‍ നാല്‍പ്പതിലേറെ മുറിവുകളാണുണ്ടായതെന്നാണ് പോസറ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതില്‍ കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്നും പറയുന്നു. പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ രാത്രി എട്ടു മണിയോടെ മണ്ണഞ്ചേരി സ്‌കൂള്‍ കവലക്കു കിഴക്ക് കുപ്പേഴം ജങ്ഷനിലായിരുന്നു ഷാനിന് നേരെ ആക്രമണം ഉണ്ടായത്. സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുകയായിരുന്ന ഷാനെ പിന്നില്‍ നിന്നു കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. കൈകള്‍ക്കും തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ ഷാനെ നാട്ടുകാര്‍ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. രാത്രി 11.30ന് ആയിരുന്നു മരണം. മണ്ണഞ്ചേരി പൊന്നാടുള്ള സ്വവസതിയിലെത്തിക്കുന്ന മയ്യിത്ത് വൈകീട്ടോടെ പുന്നാട് ജുമാ മസ്ജിദില്‍ ഖബറടക്കും.
ഇതിന് പിന്നാലെ ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ അക്രമികള്‍ വെട്ടിക്കൊന്നത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വീട്ടില്‍ക്കയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. ആറ് ബൈക്കുകളിലായി 12 പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ആറ് ബൈക്കുകളിലായി 12 പേര്‍ രഞ്ജിത്തിന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കനത്ത പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam