
ആലപ്പുഴ: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ത്തിൽ എസ്ഐടി പ്രതി ചേർത്ത മൂന്ന് പേർ മുൻകൂർ ജാമ്യാപേക്ഷ നൽകി. മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങളായിരുന്ന ഷൈജു, വിപിൻ, അരുൺ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി കേസ് ജൂൺ രണ്ടിന് പരിഗണിക്കും.
അതേ സമയം, ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ആലപ്പുഴ ജില്ലാ സെഷൻസ് കോടതി തീർപ്പാക്കി. രാവിലെ കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ അന്വേഷണ റിപ്പോർട്ട് ഹാജരാക്കിയിരുന്നില്ല. തുടർന്ന് പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമർശിച്ചു.
അന്വേഷണ റിപ്പോർട്ട് ഹാജരാക്കിയ ശേഷം ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിച്ചു. നിലവിൽ പ്രതികൾക്കെതിരെ ഉള്ളത് ജാമ്യമുള്ള വകുപ്പുകൾ മാത്രമാണെന്നും അതിനാൽ മുൻകൂർ ജാമ്യഹർജിയുടെ ആവശ്യം എന്താണെന്നും കോടതി ചോദിച്ചു. പ്രതികൾക്കെതിരെ ഉള്ളത് ജാമ്യമുള്ള വകുപ്പുകൾ മാത്രമാണെന്നും മുൻ കൂർ ജാമ്യഹർജി നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുമെന്ന വിദൂരസാധ്യത പോലും അന്വേഷണ റിപ്പോർട്ടിലോ മുൻകൂർ ജാമ്യ അപേക്ഷ എതിർത്തുള്ള ഒബ്ജക്ഷൻ റിപ്പോർട്ടിലോ ഇല്ലാത്തതിനാൽ മുൻകൂർ ജാമ്യ അപേക്ഷ കോടതി തീർപ്പാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam