കൊച്ചി തേവരയിൽ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. വേമ്പനാട് കായലിലെ എക്കൽ അടിഞ്ഞുള്ള തടസ്സങ്ങൾ നീക്കി മത്സ്യത്തൊഴിലാളികൾക്ക് സഹായമാകുന്ന ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല മേജർ ഇറിഗേഷൻ വകുപ്പിന് കൈമാറി

കൊച്ചി: തേവരയിൽ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ നിർമിക്കാൻ സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചു. പണ്ഡിറ്റ് കറുപ്പൻ റോഡിലെ ഫിഷറീസ് സ്കൂളിന് സമീപമാണ് ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ നിർമിക്കുക. മത്സ്യത്തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് ഭരണാനുമതി. വേമ്പനാട് കായലിൽ എക്കൽ അടിഞ്ഞു കൂടി വഞ്ചികൾ ഇറക്കുന്നതിനും മത്സ്യബന്ധന പ്രവർത്തനങ്ങൾ നടത്തുന്നതിനും ഉണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ലാൻഡിംഗ് ബർത്ത് നിർമിക്കും. സമീപ പ്രദേശത്ത് ഡ്രെഡ്ജിംഗ് നടത്തും.

ആദ്യ ഘട്ടത്തിൽ പദ്ധതിയുടെ നടപ്പാക്കൽ ഏജൻസിയായി ഫിഷറീസ് വകുപ്പിനെയാണ് സർക്കാർ നിശ്ചയിച്ചിരുന്നത്. സാങ്കേതികമായ പരിമിതികളും മറ്റും കാരണം പദ്ധതി വൈകിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ടി.ജെ. വിനോദ് എം.എൽ.എ സാങ്കേതികമായി കൂടുതൽ പരിചയസമ്പത്തുള്ള മേജർ ഇറിഗേഷൻ വകുപ്പിന് പദ്ധതി കൈമാറണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. നടപ്പാക്കൽ ഏജൻസി മേജർ ഇറിഗേഷൻ വകുപ്പായി മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2025-26 സംസ്ഥാന ബജറ്റിൽ തന്നെ തേവര ഫിഷ് ലാൻഡിംഗ് സെന്റർ പദ്ധതി ഉൾപ്പെടുത്തിയിരുന്നുവെങ്കിലും നടപ്പാക്കൽ ഏജൻസി മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീർപ്പാ ക്കിയ ശേഷമാണ് ഇപ്പോൾ അന്തിമ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.