
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടി. സ്ഥിരമായി പൊട്ടൽ ഉണ്ടാകുന്ന തകഴി കേളമംഗലം ഭാഗത്ത് തന്നെയാണ് ഇത്തവണയും പൈപ്പിന് തകരാർ സംഭവിച്ചത്. മൂന്നര വർഷത്തിനിടെ ഇത് 55-ാമത്തെ തവണയാണ് പൈപ്പ് പൊട്ടുന്നത്. കോടികൾ മുടക്കി നിർമിച്ച അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാത അപ്പാടെ തകർന്നു. റോഡിന്‍റെ അടിഭാഗം പൂർണ്ണമായും ഇടിഞ്ഞുതാഴ്ന്നു. ഇതോടെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി.
കുടിവെള്ള പദ്ധതിയുടെ കരുമാടി പ്ലാന്‍റിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ആണ് പൊട്ടിയത്. ഇതോടെ പമ്പിംഗ് പൂർണ്ണമായും നിർത്തിവച്ചു. ആലപ്പുഴ നഗരസഭയിലെയും സമീപത്തെ എട്ടു പഞ്ചായത്തുകളിലെയും ശുദ്ധജലവിതരണം മുടങ്ങി.
കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്തു തൊട്ടടുത്ത വർഷം മുതൽ തകഴി- കേളമംഗലം ഭാഗത്ത് പൈപ്പ് പൊട്ടൽ തുടർക്കഥയാണ്. ഒന്നരകിലോമീറ്ററിലെ പൈപ്പിന് നിലവാരമില്ലെന്ന് ജലഅതോറിറ്റി കണ്ടെത്തുകയും മാറ്റിസ്ഥാപിക്കാൻ പുതിയ പൈപ്പുകൾ എത്തിക്കുകയും ചെയ്തു. എന്നാൽ ജോലികൾ ഇനിയും തുടങ്ങിയിട്ടല്ല.
അരലക്ഷം കുടുംബങ്ങളാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നത്. പൊട്ടിയ പൈപ്പ് മാറ്റി ശുദ്ധജല വിതരണം പഴയരീതിയിലാകാൻ മൂന്ന് ദിവസമെടുക്കും. കുഴൽ കിണറുകളിൽ നിന്ന് പമ്പിംഗ് നടത്തി കുടിവെള്ളക്ഷാമത്തിന് താൽകാലിക പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ജല അതോറിറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam