
ആലപ്പുഴ: സമൂഹമാധ്യമങ്ങൾ വഴി മയക്കുമരുന്ന് വില്പനയ്ക്ക് ശ്രമിച്ച പത്തൊൻപതുകാരൻ എക്സൈസ് സംഘത്തിന്‍റെ പിടിയിൽ. ഗൗതം രതീഷ് (19) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 19 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് സൈബർ സെല്ലിന്‍റെ സൈബർ പട്രോളിങ്ങിനിടെയാണ് സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് കച്ചവടത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് സൂചന ലഭിക്കുന്നത്. തുടർന്ന് സൈബർ സെല്ലും ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി വലയിലായത്. മണ്ണഞ്ചേരി പഞ്ചായത്തിലെ വാളിയകലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്‍റെ കിഴക്കേ കവാടത്തിന് സമീപമുള്ള റോഡിൽവെച്ചായിരുന്നു അറസ്റ്റ്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ എയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസര്‍ അനിലാൽ, വനിതാ സിവിൽ എക്സൈസ് ഓഫിസര്‍ സുലേഖ, സിവിൽ എക്സൈസ് ഓഫിസര്‍മാരായ ഗോപികൃഷ്ണൻ, സാജൻ ജോസഫ് എന്നിവരും പങ്കെടുത്തു. മേഖലയിൽ ലഹരി വില്പന നടത്തുന്ന കൂടുതൽ കണ്ണികളെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam