ആലപ്പുഴയിലെ വിവാദ മുദ്രാവാക്യം വിളി:'സര്‍ക്കാര്‍ ഇടപെടാത്തത് ദുരൂഹം 'കേരള കത്തോലിക്കാ മെത്രാൻ സമിതി

By Web TeamFirst Published May 23, 2022, 5:57 PM IST
Highlights

തീവ്രവാദപ്രവർത്തനങ്ങളെപ്പറ്റി കോടതിയടക്കം മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ ഇടപെടുന്നില്ല.തീവ്രവാദത്തെപ്പറ്റി പ്രസംഗിച്ച വ്യക്തിയെ ജയിലിലടക്കാനാണ് സർക്കാരിന് താത്പര്യം.

കൊച്ചി:ആലപ്പുഴയിൽ  പോപ്പുലര്‍ ഫ്രണ്ട് (Popular Front)  റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതികരണവുമായി  കേരള കത്തോലിക്കാ മെത്രാൻ സമിതി രംഗത്ത്.തീവ്രവാദപ്രവർത്തനങ്ങളെപ്പറ്റി കോടതിയടക്കം മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ ഇടപെടാത്തത് ദുരൂഹമെന്ന്  കേരള കത്തോലിക്കാ മെത്രാൻ സമിതി കുറ്റപ്പെടുത്തി. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് ആരോപണവിധേയരായിട്ടുളള സംഘടനയുടെ പ്രകടനത്തിനിടെയാണ് കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിപ്പിച്ചത്, തങ്ങളെ എതിര്‍ക്കുന്നവരെ  കൊന്നൊടുക്കാന്‍ മടിക്കുകയില്ല എന്നായിരുന്നു മുദ്രാവാക്യം ഏറ്റുചൊല്ലിയവർ വിളിച്ചുപറഞ്ഞത്. ഇത്തരം ഗുരുതരവിഷയങ്ങളിൽപോലും യുക്തമായ നടപടിയെടുക്കാൻ സർക്കാർ മടിച്ചു നിൽക്കുകയാണ്. സമൂഹത്തിലെ തീവ്രവാദത്തെപ്പറ്റി പ്രസംഗിച്ച വ്യക്തിയെ ജയിലിലടക്കാനാണ് സർക്കാരിന് താത്പര്യം. മത - വര്‍ഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന നിലപാടാണിത്. രാജ്യസുരക്ഷയ്ക്കും സംസ്ഥനത്തിന്‍റെ  ഭാവിക്കും ഇത് അപകടകരമെന്നും കെസിബിസി മെത്രാന്‍ സമിതി വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി

പോപ്പുലർ ഫ്രണ്ട് പ്രക‌ടനത്തിൽ കൊച്ചുകുട്ടിയുടെ പ്രകോപന മുദ്രാവാക്യം; വ്യാപക വിമർശനം

ആലപ്പുഴയിൽ  പോപ്പുലര്‍ ഫ്രണ്ട്  റാലിക്കിടെ ആൺകുട്ടി  പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സോഷ്യൽമീഡിയയിൽ വ്യാപക വിമർശനം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രമുഖരടക്കമുള്ള നിരവധി പേർ വിമർശനവുമായി രം​ഗത്തെത്തി. അന്യമത വിദ്വേഷം കുട്ടികളിൽ കുത്തിവെക്കുന്ന തരത്തിലാണ് പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്നും കൊച്ചുകുട്ടിയെക്കൊണ്ട് ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത് കുറ്റകരമാണെന്നും വിമർശനമുയർന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് പ്രകടനത്തിനിടെയാണ് കുട്ടി പ്രകോപനപരമാ‌‌യ മുദ്രാവാക്യം വിളിച്ചത്. 

 രണ്ട് ദിവസം മുന്പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം നടന്നത്. പ്രകടനത്തിനിടെ  ഒരാളുടെ തോളത്തിരുന്ന്  ചെറിയ കുട്ടി പ്രകോപനപരമായി മുദ്രവാക്യം  വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മുദ്രാവാക്യം. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇതിനിടെ  കുട്ടി പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ച കാര്യം സ്ഥിരീകരിച്ച്   പോപ്പുലർ ഫ്രണ്ട്   രംഗത്ത് വന്നു. എന്നാല്‍ വിളിച്ചത് സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ലെന്നും നേതാക്കൾ പറയുന്നു.

Also read:പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; പൊലീസ് കേസെടുത്തു

click me!