
പത്തനംതിട്ട : റെഡ് അലർട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം. വനത്തിൽ ശക്തമായ മഴയുള്ളതിനാൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും തീർഥാടകർ ഇന്ന് രാത്രി പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു. രാത്രി യാത്രയിൽ ശബരിമല തീർഥാടകർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. നാളെ രാവിലെയും മഴ ശക്തമായി തുടർന്നാൽ കാനനപാത വഴി തീർത്ഥാടകരെ കടത്തിവിടില്ല. മലയോരമേഖലയായ അത്തിക്കയം , പെരുനാട് സീതത്തോട് എന്നിവിടങ്ങളിൽ ഇന്ന് കൂടുതൽ അളവിൽ മഴ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൈകിയവേളയിൽ പത്തനംതിട്ടയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
റെഡ് അലർട്ട്
മഴ ശക്തമായ സാഹചര്യത്തിൽ പത്തനംതിട്ടയിലും കോട്ടയത്തും റെഡ് അലർട്ടാണ്. ഈ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശുർ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. മധ്യ തെക്കൻ കേരളത്തിലെ മലയോരമേഖകളിൽ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
നാളെ അവധി
മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് 4 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നാളെ അവധി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam