
തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ജില്ലകളിൽ താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ അടുത്ത രണ്ട് ദിവസം താപനില 3 മുതൽ 4 ഡിഗ്രീ സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ സൂര്യാഘാതമേൽക്കാതിരിക്കാൻ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇന്നലെ വരെ ഈ മാസം കേരളത്തിൽ 118 പേർക്ക് സൂര്യാഘാതമേറ്റെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ഈ ആഴ്ച മാത്രം 55 പേർക്ക് സൂര്യാഘാതമേറ്റു. സംസ്ഥാനത്ത് ഇതു വരെ ഒരു മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നത്തെ രണ്ട് മരണങ്ങൾ സൂര്യാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
സൂര്യാഘാതം സംഭവിക്കുന്നത് ഒഴിവാക്കാൻ പകൽ പതിനൊന്ന് മണിമുതൽ വൈകീട്ട് മൂന്ന് മണിവരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. രോഗബാധിതർ ഈ സമയത്ത് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam