
പത്തനംതിട്ട: കനത്ത മഴയിൽ പത്തനംതിട്ടയിലെ (Pathanamthitta) വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ഇന്നലെ രാത്രി മുതൽ അതിശക്തമായ മഴയാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പെയ്തത്. കക്കി ആനത്തോട് മൂഴിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ 15 സെന്റീമീറ്റർ വീതം ഉയർത്തി. അണക്കെട്ടിൽ നിന്നും വെള്ളം പുറത്തേക്ക് വിട്ടതോടെ പമ്പാ ത്രിവേണിയിൽ വെള്ളംകയറി. പമ്പ അണക്കെട്ടില്‍ ജലനിരപ്പ് 981.55 മീറ്ററെത്തി. ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു.
പമ്പാ നദിയിലെ അരയാഞ്ഞിലി മൺ, കുറുമ്പൻ മുഴി, മുക്കം ക്രോസ് വേകള്‍ മുങ്ങി. പമ്പാനദി ജലനിരപ്പ് ഉയർന്നതോടെ അപ്പർകുട്ടനാട്ടിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. പല വീടുകളിൽ നിന്നും ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. അച്ചൻകോവിലാറ്റിൽ തീരത്തുള്ള ആവണിപ്പാറ ഗിരിജൻ കോളനി ഒറ്റപ്പെട്ടു. പന്തളം കടയ്ക്കാട് മേഖലകളിലേക്ക് വെള്ളം കയറുകയാണ്. ശബരിമല തീർത്ഥാടനത്തിന് കൂടി പശ്ചാത്തലത്തിൽ ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തി
കല്ലടയാറിൻ്റെ തീരത്തെ മണ്ണടിയിൽ അപ്രതീക്ഷിതമായി കയറിയ വള്ളത്തിൽ നിരവധി വീടുകൾ മുങ്ങി. അന്തിച്ചിറ നെല്ലിമൂട്ടിൽപ്പടി ഏനാത്ത് പ്രദേശങ്ങൽ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. എംസി റോഡിൽ പലയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വാളകം, കലയപുരം തിരുമൂലപുരം മേഖലയിലാണ് എംസി റോഡിൽ വെള്ളം കയറിയത്. പത്തനംതിട്ട കെപി റോഡിലും താഴ്ന്ന പ്രദേശങ്ങൾ മുങ്ങി. ഏലംകുളം കൈപ്പട്ടൂർ റോഡിൽ കൊടുമോൻ ഭാഗം പൂർണ്ണമായും മുങ്ങി. അങ്ങാടിയിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി.കൈപ്പട്ടൂർ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞതിനെ തുടർന്ന് നാല് വീടുകൾ അപകട ഭീഷണിയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam