
കോഴിക്കോട്: വളർത്തുനായകളുടെ ആക്രമണത്തിൽ (Dog Attack) യുവതിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് താമരശേരിയിൽ (Thamarassery) അമ്പായത്തോടിലാണ് വളർത്തു നായകൾ ജോലിക്ക് പോകുകയായിരുന്ന സ്ത്രീയെ ആക്രമിച്ചത്. പ്രദേശവാസിയായ ഫൗസിയ എന്ന സ്ത്രീയ്ക്കാണ് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. നടുറോഡിലിട്ട് നായകൾ സ്ത്രീയെ കടിച്ചു കീറുന്നതിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഫൗസിയ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
താമരശ്ശേരി വെഴുപ്പൂർ എസ്റ്റേറ്റ് ഉടമ ജോളി തോമസിൻ്റെ ചെറുമകൻ റോഷൻ്റെ നായകളാണ് ഫൗസിയയെ ആക്രമിച്ചത്. സംഭവത്തിൽ റോഷൻ താമരശ്ശേരി പൊലീസിൻ്റെ കസ്റ്റഡിയിലാണ് ഇപ്പോൾ. ഫൗസിയയെ നായകളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കടി വിടാൻ ഇവ തയ്യാറായില്ല. വളരെ പണിപ്പെട്ടാണ് ഒടുവിൽ ആളുകൾ ഫൗസിയയെ രക്ഷിച്ചത്. നേരത്തേയും നിരവധിയാളുകൾക്ക് ഈ നായകളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിദേശയിനം നായകളെ അടച്ചിടാതെ തീർത്തും അശ്രദ്ധമായി അഴിച്ചു വിട്ടു വളർത്തുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ മാസം ഇതേ നായകളുടെ ആക്രമണത്തിൽ പ്രദേശവാസിയായ പ്രഭാകരൻ എന്നയാൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. എസ്റ്റേറ്റിന് സമീപത്തുവച്ചുണ്ടായ സംഭവത്തില്‍ തലയ്ക്കും കൈക്കും മുതുകിലുമെല്ലാം പരിക്കേറ്റ പ്രഭാകരനെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ ഇതേ എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു പ്രഭാകരന്‍. ഇതേ നായ്ക്കൾ നേരത്തെ പ്രദേശത്തെ മറ്റൊരു സ്ത്രീയെയും കടിച്ച് പരുക്കേല്‍പിച്ചിരുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇന്നത്തെ അക്രമത്തിന് ശേഷം എസ്റ്റേറ്റിന് മുന്നിൽ തടിച്ചു കൂടിയ നാട്ടുകാർ പൊലീസിനെ വിളിച്ചു വരുത്തി റോഷനെ അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam