മലങ്കര സഭാ തര്‍ക്കം; കട്ടച്ചിറ പള്ളി പൂട്ടിക്കാൻ സർക്കാർ ഒത്താശയോടെ ശ്രമം നടക്കുന്നെന്ന് ഓര്‍ത്ത‍ോക്സ് വിഭാഗം

By Web TeamFirst Published Sep 6, 2019, 12:34 PM IST
Highlights

യാക്കോബായ വിഭാ​ഗത്തെ ജില്ലാ ഭരണകൂടം സഹായിക്കുകയാണ്. കട്ടച്ചിറ പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാനാണ് ശ്രമിക്കുന്നതെന്നും അലക്സിയോസ് മാർ യൗബേബിയോസ് മെത്രാപൊലീത്ത പറഞ്ഞു.

ആലപ്പുഴ: കായംകുളത്തെ കട്ടച്ചിറ പള്ളി പൂട്ടിക്കാൻ സർക്കാർ ഒത്താശയോടെ പാത്രിയാർക്കീസ് വിഭാഗം ശ്രമിക്കുന്നുവെന്ന് ഓര്‍ത്ത‍ോക്സ് വിഭാഗം ആരോപിച്ചു. വിധി നടപ്പാക്കി എന്ന് സർക്കാർ വരുത്തി തീർക്കുകയാണെന്നും കോടതി അനുവദിക്കാത്ത ആളുകളെ പള്ളിയിൽ കയറ്റുകയാണെന്നും മാവേലിക്കര ഭദ്രാസനാധിപന്‍ അലക്സിയോസ് മാർ യൗബേബിയോസ് മെത്രാപൊലീത്ത  കുറ്റപ്പെടുത്തി.

യാക്കോബായ വിഭാ​ഗത്തെ ജില്ലാ ഭരണകൂടം സഹായിക്കുകയാണ്. കട്ടച്ചിറ പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാനാണ് ശ്രമിക്കുന്നതെന്നും  മെത്രാപൊലീത്ത പറഞ്ഞു.144 ലംഘിക്കാൻ പോലും സൗകര്യം ചെയ്തു കൊടുക്കുന്നുവെന്നും മെത്രാപൊലീത്തകുറ്റപ്പെടുത്തി.

ചെങ്ങന്നൂർ ഉപതെരെഞ്ഞെടുപ്പ്  സമയത്ത് ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമായി  വന്ന വിധി സർക്കാർ  വേഗത്തിൽ നടപ്പാക്കി.  എന്നാൽ ഇപ്പോൾ ആ തിടുക്കം കാണുന്നില്ലെന്ന് ഓർത്തോഡോക്സ് സഭാ സെക്രട്ടറി ബിജു  ഉമ്മൻ  പറഞ്ഞു.വീണ്ടും ഒരു ഉപതെരെഞ്ഞെടുപ്പ് നടക്കുകയാണ്. തുടർച്ചയായി ഉണ്ടാകുന്ന നീതി  നിഷേധങ്ങൾക്കെതിരെ സഭാമക്കൾ പ്രതികരിക്കും. പാലായിൽ മാത്രമല്ല ഉപതെരെഞ്ഞെടുപ്പ് നടക്കുകയെന്നും ബിജു ഉമ്മൻ കൂട്ടിച്ചേർത്തു.

അതേസമയം, കട്ടച്ചിറ പള്ളിത്തർക്ക കേസിൽ യാക്കോബായ സഭ നൽകിയ പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളി. ഓർത്തഡോക്സ് വിഭാഗത്തിന് കട്ടച്ചിറയിലെ സെന്‍റ് മേരീസ് പളളിയിൽ പ്രാർത്ഥന നടത്താമെന്ന 2017ലെ സുപ്രീംകോടതി വിധി ചോദ്യംചെയ്താണ് യാക്കോബായ വിഭാഗം പുനപരിശോധന ഹർജി നൽകിയത്.

പള്ളിത്തർക്ക കേസിലെ വിധി നടപ്പാക്കാൻ വൈകിയാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന്, നേരത്തെ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നും മധ്യസ്ഥശ്രമവുമായി സർക്കാർ മുന്നോട്ടു പോയ സാഹചര്യത്തിലാണ് യാക്കോബായ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്.

click me!