
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കകൾ അകറ്റി കെ റെയിൽ പദ്ധതി നടപ്പാക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ. പദ്ധതിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നു. കേരളത്തിന് ഗുണകരമായ പദ്ധതിയാണിതെന്നും മേധാ പട്കറുടെ അഭിപ്രായത്തോട് വിയോജിക്കുന്നുവെന്നും നേതൃത്വം വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ സാഹചര്യമല്ല കെ റെയിലിന്റേതെന്നും കിസാൻ സഭ വിശദീകരിച്ചു. കിസാൻ സഭ കൗൺസിൽ കെ റെയിലിനെ പിന്തുണച്ച് പ്രമേയം പാസ്സാക്കി. കർഷക സംഘത്തിന്റെ 20000 യൂണിറ്റുകൾ പദ്ധതിക്കായി പ്രചരണം നടത്തും. പദ്ധതിയെ പിന്തുണച്ച് പ്രചാരണം നടത്താൻ ട്രേഡ് യൂണിയനുകളോടും വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും സംഘടനകളോടും എഐകെഎസ് ആഹ്വാനം ചെയ്തു.
മുഖ്യമന്ത്രിയുടെ വിമർശനം
സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിപക്ഷത്തിന്റെ നിലപാടിനെയാണ് കടുത്ത ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചത്. ഇനി ഒരു വികസന പ്രവർത്തനങ്ങളും സംസ്ഥാനത്ത് നടക്കാൻ പാടില്ലെന്ന വാശിയിലാണ് പ്രതിപക്ഷം. സിൽവർ ലൈൻ അട്ടിമറിച്ചേ തീരൂ എന്നാണ് വാശി. കെ റെയിലിൽ നൽകുന്നത് ആശ്വാസകരമായ പുനരധിവാസ പാക്കേജാണ്. പദ്ധതി വന്നാൽ ആരും ഭൂരഹിതരാകില്ല. ഒരു കുടുംബവും വഴിയാധാരമാകില്ല. സിപിഎമ്മിനെതിരെ ബിജെപിയും ജമാ അത്തെ ഇസ്ലാമിയും വലിയ പ്രചാരവേല നടത്തുകയാണ്. വികസന പദ്ധതികളെ തകിടം മറിക്കാനാണ് ശ്രമം. സംസ്ഥാനത്തോട് കേന്ദ്രത്തിന് അവഗണനാ സമീപനമാണ്. ഇസ്ലാമിക വർഗീയ വാദികൾ മുഖം മൂടിയണിഞ്ഞ് വരുന്നു. പരിസ്ഥിതി വാദം മാനുഷിക പ്രശ്നങ്ങൾ ഉയർത്തിയാണ് വരുന്നത്. യുഡിഎഫിന് വർഗീയ അജണ്ടയാണെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam