Dileep Case : ചൊവ്വാഴ്ച വരെ ദിലീപിന്‍റെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ, ഹർജി മാറ്റി

Published : Jan 14, 2022, 02:07 PM ISTUpdated : Jan 14, 2022, 02:24 PM IST
Dileep Case : ചൊവ്വാഴ്ച വരെ ദിലീപിന്‍റെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ, ഹർജി മാറ്റി

Synopsis

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഡിവൈഎസ്പി ബിജു പൗലോസിന്‍റെ പക്കലുണ്ടെന്ന് നടൻ ദിലീപ് വിചാരണക്കോടതിയിൽ തീർത്തും അപ്രതീക്ഷിതമായി ആവശ്യപ്പെട്ടിരുന്നു. ബിജു പൗലോസിന് തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണം കെട്ടിച്ചമച്ച കേസാണ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നത് എന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്. 

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിച്ചത്. 

സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു. മുൻകൂർ ജാമ്യഹർജി ചൊവ്വാഴ്ചയ്ക്ക് പരിഗണിക്കാൻ മാറ്റി. അത് വരെ ദിലീപിന്‍റെ അറസ്റ്റുണ്ടാകുമോ എന്ന് കോടതി ആരാഞ്ഞപ്പോൾ, ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് ഹർജി പരിഗണിക്കും. 

ദിലീപിന്‍റെ വീട്ടിലും സഹോദരന്‍റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനത്തിലും കോടതിയുടെ അനുമതിയോടെ സെർച്ച് വാറന്‍റ് പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ കേസിന്‍റെ പേരിൽ തന്നെ അനാവശ്യമായി പീഡിപ്പിക്കുകയാണ് പൊലീസ് എന്നായിരുന്നു ദിലീപിന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ചൊവ്വാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് കോടതി പൊലീസിനോട് പറഞ്ഞു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകുകയും ചെയ്തു. 

ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിർത്തിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് തന്നെ കോടതിയിൽ ഹാജരായി. 

എന്നാൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്‍റെ കള്ളക്കഥ ആണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹർജിയിലെ പ്രധാന ആരോപണം. 

വ്യാഴാഴ്ചത്തെ മിന്നൽ റെയ്ഡിൽ നടന്നതെന്ത്?

ആലുവ പറവൂർക്കവലയിലെ ദിലീപിന്‍റെ വീട്, സഹോദരൻ അനൂപിന്‍റെ വീട്, ദിലീപിന്‍റെയും അനൂപിന്‍റെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച റെയ്ഡുകൾ നടന്നത്. ദിലീപിന്‍റെയും സഹോദരന്‍റെയും വീട്ടിൽ എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഗ്രാൻഡ് പ്രൊഡക്ഷൻസിൽ ഡിവൈഎസ്പി ബിജു പൗലോസിന്‍റെ നേതൃത്വത്തിലും റെയ്ഡ് നടന്നു. 

ദിലീപിന്‍റെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ പൊലീസ് മൊബൈൽ ഫോണുകളും ഹാ‍ർ‍ഡ് ഡിസ്കുകളും പിടിച്ചെടുത്തിരുന്നു. നടിയെ ബലാത്സംഗം ചെയ്ത് പകർത്തിയ ദൃശ്യങ്ങൾ കണ്ടെത്താനും ദിലീപിന്‍റെ പക്കലുണ്ടെന്ന് പറയപ്പെടുന്ന തോക്ക് പിടിച്ചെടുക്കാനുമായിരുന്നു പരിശോധന. 

വ്യാഴാഴ്ച രാവിലെ 11.30-യോടെയാണ് ദിലീപിന്‍റെ വീട്ടിലേക്ക് അന്വേഷണഉദ്യോഗസ്ഥരെത്തിയത്. കുറേ നേരം കാത്ത് നിന്നിട്ടും 'പത്മസരോവര'ത്തിന്‍റെ ഗേറ്റ് തുറന്നുകൊടുക്കാൻ വീട്ടിനകത്തുള്ള ആളുകൾ തയ്യാറായില്ല. പരിശോധനയ്ക്ക് എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞിട്ടും ഗേറ്റ് തുറന്നില്ല. പിന്നീട് ഉദ്യോഗസ്ഥർ ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറുകയായിരുന്നു. പിന്നീട് ദിലീപിന്‍റെ സഹോദരി വന്ന് വീട് തുറന്നുകൊടുത്തു. 

അന്വേഷണ ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട്ടിൽ ദിലീപ് ഉണ്ടായിരുന്നില്ല. റെയ്ഡ് തുടങ്ങി അരമണിക്കൂറിനകമാണ് വെള്ള ഇന്നോവ കാറിൽ ദിലീപ് എത്തിയത്. റെയ്ഡ് തുടങ്ങിയ ഉടൻ സഹോദരൻ അനൂപും സ്ഥലത്ത് എത്തി. 

നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ഫോണിലെ മെമ്മറി കാർഡോ ആ ദൃശ്യങ്ങളുടെ ഒറിജിനലോ ഇത് വരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. ദിലീപിന്‍റെ നിർമാണക്കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിൽ ഈ ദൃശ്യങ്ങൾ എപ്പോഴെങ്കിലും എത്തിയോ എന്നാണ് സൈബർ വിദഗ്ധരുടെ സംഘം പരിശോധിക്കുന്നത്. ഇവിടെയുള്ള ഏതെങ്കിലും കമ്പ്യൂട്ടറുകളിൽ ഈ ദൃശ്യങ്ങൾ സേവ് ചെയ്തിട്ടുണ്ടോ, ഏതെങ്കിലും ഘട്ടത്തിൽ സേവ് ചെയ്തിരുന്നോ എന്നാണ് പരിശോധിക്കുന്നത്. ഈ ദൃശ്യങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ ഇവിടെയെത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. 

നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ബുധനാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ കോടതിയെ അറിയിച്ചെന്നും, കേസുമായി ബന്ധപ്പെട്ട് താൻ പരാമർശിച്ച വിഐപിയിലേക്ക് പോലീസ് ഉടൻ എത്തുമെന്നാണ് പ്രതീക്ഷയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. അതിനിടെ പ്രതി പൾസർ സുനി അമ്മയ്ക്ക് എഴുതിയ കത്തിന്‍റെ ഒറിജിനൽ കണ്ടെത്താൻ ജയിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. 

ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.  6 മണിക്കൂറോളം നടപടിക്രമങ്ങൾ നീണ്ടു. 51 പേജ് അടങ്ങുന്നതാണ് മൊഴി. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ കോടതിയെ അറിയിച്ചെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറയുന്ന വിഐപി ആര് എന്നതിനെക്കുറിച്ചുള്ള ചില സൂചനകൾ പോലീസിന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടിരുന്നു, പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമാണ് ഉള്ളത്, ഈ ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ബാലചന്ദ്രകുമാർ മുൻപ് വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അന്വേഷണസംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ ഈ ദൃശ്യങ്ങൾ താൻ കൂടി ഇരിക്കവേ 'പത്മസരോവരം' എന്ന വീട്ടിൽ നിന്ന് ദിലീപും അനൂപും അടക്കമുള്ളവർ കണ്ടെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. അതോടൊപ്പം അന്വേഷണസംഘത്തിലെ പല ഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടപ്പോൾ ഇവരെ വധിക്കുമെന്ന് വെല്ലുവിളി മുഴക്കിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നു. തന്‍റെ ദേഹത്ത് കൈ വച്ച ഡിവൈഎസ്പി സോജന്‍റെ കൈ വെട്ടുമെന്നും എ വി ജോർജിനെ ലോറിയിടിപ്പിച്ച് കൊന്നാലോ എന്നും ദിലീപ് ചിരിച്ചുകൊണ്ട് ചോദിച്ചെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇത് തെളിയിക്കുന്ന ശബ്ദരേഖകൾ അന്വേഷണസംഘത്തിന് മുമ്പാകെ ഹാ‍ജരാക്കിയിട്ടുണ്ടെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്.

കേസിലെ സാഗർ എന്ന സാക്ഷിയെ സ്വാധീനിക്കാൻ അടക്കം ദിലീപ് ശ്രമിച്ചുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. എങ്ങനെയാണ് ഡീൽ നടത്തിയതെന്ന് വിശദമാക്കുന്നതിന്‍റെ തെളിവുണ്ട്. ഇക്കാര്യം ദിലീപ് പറയുന്നതിന്‍റെ ശബ്ദരേഖയുണ്ട്. ദിലീപിന്‍റെ സഹോദരൻ അനൂപും ഇയാളെ സ്വാധീനിച്ച് മൊഴി മാറ്റിച്ചുവെന്ന് പറയുന്ന ശബ്ദരേഖയുണ്ട്. ശബ്ദം ദിലീപിന്‍റേതാണെന്ന് തെളിയിക്കുന്ന ഇരുപതോളം ക്ലിപ്പിംഗുകൾ വേറെയുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. 

കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലിൽ നിന്നെഴുതിയ കത്തിന്‍റെ പകർപ്പ് സുനിലിന്‍റെ അമ്മ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇതിന്‍റെ അസ്സൽ കണ്ടെത്തുന്നതിനായി എറണാകുളം സബ് ജയിലിലെ സെല്ലില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. തിരച്ചിൽ ഒന്നര മണിക്കൂർ നീണ്ടെങ്കിലും കത്ത് കണ്ടെത്താനായില്ല.
 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
Malayalam News Live: രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസ്: ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ