തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സ്വമേധയാ വിവരം നൽകിയില്ലെങ്കിൽ കർശന നടപടിയെന്ന് സർക്കാർ

By Web TeamFirst Published Apr 15, 2020, 10:22 PM IST
Highlights
വിവരം അറിയിക്കാൻ സ്വയം തയ്യാറായില്ലെങ്കിൽ അത് ഗൗരവത്തോടെ കാണും. ഇതോടൊപ്പം തബ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവർ കേരളത്തിലിനിയും ഉണ്ടോയെന്ന് കണ്ടെത്താൻ ആവശ്യമായി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി 
തിരുവനന്തപുരം: തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ആരെങ്കിലും ഇനിയും ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാൻ ബാക്കിയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്യണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മെഹ്ത്ത അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർ പല സംസ്ഥാനങ്ങളിലും ഉണ്ടെന്നും ഇവരാരും ഇതുവരെ അധികൃതരെ വിവരം അറിയിച്ചിട്ടില്ലെന്നുമുള്ള കേന്ദ്ര സർക്കാർ സർക്കുലറിനെ തുടർന്നാണ് സംസ്ഥാന സർക്കാരും നിലപാട് കടുപ്പിച്ചത്. 

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷവും റിപ്പോർട്ട് ചെയ്യാതെ കഴിയുന്നവരെ കണ്ടെത്തണമെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. 

വിവരം മറച്ചു വയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. വിവരം അറിയിക്കാൻ സ്വയം തയ്യാറായില്ലെങ്കിൽ അത് ഗൗരവത്തോടെ കാണും. ഇതോടൊപ്പം തബ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവർ കേരളത്തിലിനിയും ഉണ്ടോയെന്ന് കണ്ടെത്താൻ ആവശ്യമായി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നൽകുന്നു. 

തബ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് രോഗം റിപ്പോർട്ട് ചെയ്ത ശേഷം ദില്ലിയിലെ നിസാമുദ്ദീൻ കോവിഡ് 19 ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിരുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള നടപടികളും സ്വീകരിച്ചിരുന്നു. എന്നാൽ വിവരം പുറത്തു പറയാതെ കഴിയുന്നവർ രോഗവ്യാപനത്തിന് കാരണമാവുകയും കോവിഡ് 19 പിടിച്ചു നിർത്താനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രമം വിഫലമാവുകയും ചെയ്യുന്നുവെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. കുടുംബത്തിന്റേയും സമൂഹത്തിന്റേയും നന്മയെ കരുതി വിവരം അറിയിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ബിശ്വാസ് മെഹ്ത്ത ആവശ്യപ്പെടുന്നു. 
 
click me!