
തിരുവനന്തപുരം: പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബില്ലുകളാണ് ഇത്തവണത്തെ സഭാ സമ്മേളനത്തിന്റെ പ്രത്യേകത. ഒപ്പം സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിതെന്ന പ്രത്യേകതയുമുണ്ട്.
ചരിത്രം സൃഷ്ടിച്ച് ഇത്തവണ സ്പീക്കർ പാനൽ പൂർണമായും വനിതകളാണ്. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും വനിതകളെ നിർദ്ദേശിക്കുകയായിരുന്നു. സ്പീക്കർ സഭയിൽ ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നതിനാണ് ഈ പാനൽ. കോൺഗ്രസ് എംഎൽഎ ഉമാ തോമസ് സഭയിലുണ്ടായിരുന്നിട്ടും പ്രതിപക്ഷം കെ കെ രമയെ നിർദ്ദേശിച്ചുവെന്നതും പ്രത്യേകതയാണ്.
വിലക്കയറ്റത്തിന് കാരണം കേന്ദ്ര നയങ്ങളും കാലാവസ്ഥാ വ്യതിയാനവും
വിലക്കയറ്റത്തിന് കാരണം കേന്ദ്ര നയങ്ങളും കാലാവസ്ഥാ വ്യതിയാനവുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ സഭയിൽ. സംസ്ഥാന സർക്കാർ കഴിയുന്ന രീതിയിൽ വിലക്കയറ്റം ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റേഷൻ കടകളെ കെ-സ്റ്റോർ ആക്കുന്നത് പരിഗണനയിലെന്നും മന്ത്രി വിശദീകരിച്ചു. നിത്യോപയോഗ സാധനങ്ങൾ വിൽക്കാൻ കഴിയുന്ന വിധം റേഷൻ കടയെ മാറ്റാനാണ് നീക്കമെന്നും കെ- സ്റ്റോർ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
'പുതിയ റോൾ, ജീവിതത്തിലെ ഭാഗ്യം': സ്പീക്കർ ഷംസീർ
സ്പീക്കർ പദവി പുതിയ റോളെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്നും എ.എൻ ഷംസീർ. സഭ നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാൻ കഴിയുമെന്ന് കരുതുന്നു. രാഷ്ട്രീയ ഗുരുനാഥനായ കോടിയേരി ബാലകൃഷ്ണന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നുവെന്നത് വ്യക്തിപരമായി ദുഖമുണ്ടാക്കുന്നുവെന്നും ഷംസീർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam