'അലനും താഹയും മാവോയിസ്റ്റുകൾ തന്നെ', സിപിഎം പ്രവർത്തകരല്ലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Dec 7, 2019, 1:47 PM IST
Highlights

അലനും താഹയും സിപിഎം പ്രവർത്തകരല്ല, അവർ മാവോയിസ്റ്റുകളാണ്. അത് തെളിഞ്ഞതാണല്ലോ, അതിലെന്താണ് സംശയം എന്നും മുഖ്യമന്ത്രി ചോദിച്ചു.

തിരുവനന്തപുരം: പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായി യുഎപിഎ ചുമത്തപ്പെട്ട അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ സിപിഎം പ്രവർത്തകരല്ല. അവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കപ്പെട്ടതല്ലേ എന്നും അതിലെന്താണ് സംശയമെന്നും മുഖ്യമന്ത്രി ചോദിച്ചു. നാളെ ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

നവംബർ രണ്ടിനാണ് പോലീസ് കോഴിക്കോട്ട് നിന്ന് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റ് ചെയ്തത്. വ്യാജത്തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് കേസിൽ കുടുക്കിയെന്നാണ് പ്രതികളുടെ ആരോപണം. എന്നാല്‍ അലനും താഹയ്ക്കും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജാമ്യം നിഷേധിച്ചിരുന്നു. കേസ് ഡയറി അടക്കം പരിശോധിച്ചാണ് തത്കാലം ജാമ്യം നൽകേണ്ടെന്ന് തീരുമാനിച്ചത്.

നിലവിൽ ഡിസംബർ 21 വരെ റിമാൻഡിലാണ് അലനും താഹയും. കോഴിക്കോട് ജില്ലാ ജയിലിലാണ് ഇരുവരും. 

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം ദേശീയനേതൃത്വം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണെന്നും യുഎപിഎയിലെ നിലപാട്  നേരത്തെ വ്യക്തമാക്കിയതാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.

യുഎപിഎ ചുമത്തിയതില്‍ സിപിഎം പൊളിറ്റ് ബ്യൂറോയില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നൽകിയിരുന്നതാണ്. പൊലീസാണ് വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയത്. വിഷയം നിയമപരമായി സർക്കാരിന് മുന്നിലെത്തുമ്പോൾ ഉചിതമായി നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ അന്ന് ചില അംഗങ്ങൾ അതൃപ്തി പ്രകടിപ്പിച്ചു. ജനുവരിയിൽ കേരളത്തിൽ ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം വിശദമായി ചർച്ച ചെയ്യും. യുഎപിഎ കരിനിയമം ആണെന്ന നിലപാടിൽ മാറ്റമില്ലെന്നും പി ബി വ്യക്തമാക്കി.

click me!