
പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ കോടതി വിട്ടയച്ച പ്രതിക്ക് മർദ്ദനം. വാളയാര്‍ കേസിലെ മൂന്നാം പ്രതിയായ മധു(കുട്ടിമധു)വിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മർദനമേറ്റ് റോഡരികിൽ കിടന്ന മധുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. എന്നാല്‍ ആരാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമല്ല. ഇയാളുടെ ദേഹാസകലം പരിക്കേറ്റിട്ടുണ്ടെങ്കിലും പരിക്കുകളൊന്നും ഗുരുതരമല്ല. കേസിലെ മൂന്നാം പ്രതിയായ ഇയാള്‍ക്കെതിരെ ഭീഷണിയുണ്ടായിരുന്നു. കോടതി വെറുതെവിട്ടെങ്കിലും ഇയാളെ നാട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഒരുകൂട്ടം നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായാണോ ഈആക്രമണമെന്ന് വ്യക്തമല്ല. പൊലീസ് അല്‍പ്പസമയത്തിനുള്ളില്‍ ഇയാളുടെ മൊഴിയെടുക്കും. ഇതിന് ശേഷം മാത്രമേ മര്‍ദ്ദിച്ചവരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാകൂ.
കേരളത്തിന്‍റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികളുടെ മരണം. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെയാണ് ഒക്ടോബർ 25-ന് പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. പെൺകുട്ടികൾ പീഡനത്തിനിരയായെന്നു കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് എന്ന് തെളിയിക്കുന്നതിൽ അന്വേഷണസംഘത്തിന് വീഴ്ച പറ്റി എന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികളെ വെറുതെവിട്ടത്.
ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. പ്രായപൂർത്തിയാവാത്ത ഒരാൾ അടക്കം കേസിൽ അഞ്ച് പ്രതികൾ ഉണ്ടായിരുന്നു. മൂന്നാം പ്രതി പ്രദീപ്കുമാറിനെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.
2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാർച്ച്-4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രണ്ടു പെൺകുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. പ്രതികളുടെ രാഷ്ട്രീയസ്വാധീനം തുടക്കം മുതലേ കേസിനെ വിവാദമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam