
ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകന് നിയമനം ലഭിച്ച രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ടെക‍്‍നിക്കൽ ഓഫീസർ തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ നടപടികളെ കുറിച്ചും ആക്ഷേപം. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം അടിസ്ഥാനപ്പെടുത്തി വിളിച്ച തസ്തികയുടെ രണ്ടാം ഘട്ട പരീക്ഷയുടെ ചോദ്യങ്ങൾ ഏറെയും ബയോടെക‍്‍നോളജി വിഷയത്തിൽ നിന്നായിരുന്നുവെന്നാണ് ആക്ഷേപം. അവസാനഘട്ടമായി നടന്ന ലാബ് പരീക്ഷയും പ്രഹസനമായിരുന്നുവെന്ന് ഉദ്യോഗാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ ബന്ധുനിയമനം? 'കെ സുരേന്ദ്രന്റെ മകനെ തസ്തികയുണ്ടാക്കി നിയമിച്ചു'
നിയമന വിവരങ്ങൾ മറ്റ് ഉദ്യോഗാർത്ഥികളുടെ മുന്നിൽ മറച്ചുവച്ചു എന്നത് മാത്രമല്ല, എല്ലാ ചട്ടങ്ങളും പാലിച്ച് നടത്തിയെന്ന് പറയുന്ന പരീക്ഷയുടെ നടപടികളെ കുറിച്ചും ഉയരുന്നത് സംശയങ്ങൾ. ടയർ വൺ പരീക്ഷയിൽ ആകെ നൂറ് ചോദ്യങ്ങൾ, ശരി ഉത്തരത്തിന് രണ്ട് മാർക്ക്, തെറ്റിയാൽ അരമാർക്ക് കുറയ്ക്കും. ആദ്യഘട്ട പരീക്ഷയിൽ ജനറൽ അവയർനസ്, അഭിരുചി അടക്കമുള്ള വിഷയങ്ങളാണ് ചോദ്യമായി നൽകിയത്. ഇനിയാണ് ട്വിസ്റ്റ്. ഉച്ചയ്ക്ക് ശേഷം നടന്ന രണ്ടാംഘട്ടം എഴുത്ത് പരീക്ഷയിൽ പത്ത് ചോദ്യങ്ങൾ, അഞ്ച് എണ്ണത്തിന് ഉത്തരം എഴുതണം. ചോദ്യങ്ങൾ തസ്തികയുടെ യോഗ്യതയ്ക്ക് അനുസരിച്ചെന്നായിരുന്നു പരീക്ഷാ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ചോദ്യങ്ങളെ കുറിച്ച്, പരീക്ഷ എഴുതിയ മെക്കാനിക്കൽ ബിരുദധാരിയായ ഉദ്യോഗാർത്ഥികൾക്ക് പറയാനുള്ളത് പരാതികൾ. ആദ്യ ഘട്ട പരീക്ഷയെ അപേക്ഷിച്ച് രണ്ടാം ഘട്ട പരീക്ഷ മോശമായിരുന്നെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ട്രേഡിന് പുറത്ത് നിന്നുള്ള ചോദ്യങ്ങൾ വന്നത് ഇവർക്കും ദഹിക്കുന്നില്ല.
തീർന്നില്ല. 48 പേരെ എഴുത്ത് പരീക്ഷയ്ക്ക് തെരഞ്ഞെടുത്ത ശേഷം അവസാന റൗണ്ടായ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് തെരഞ്ഞെടുത്തത് നാലു പേരെ മാത്രം. മാർക്കിന്റെ അടിസ്ഥാനത്തിലാണ് നാലു പേരെ തെരഞ്ഞെടുത്തതെന്ന് ആർജിസിബി വിശദീകരിക്കുന്നു. എന്നാൽ ചുരുങ്ങിയ ആളുകളിലേക്ക് എണ്ണം ഒതുക്കിയതിലും ദൂരൂഹതയുണ്ടെന്നാണ് ആരോപണം. നാലു പേർ മാത്രമാക്കി പട്ടിക ചുരുക്കിയ ശേഷം നടത്തിയ പ്രാക്ടിക്കൽ പരീക്ഷയെ കുറിച്ചും ആക്ഷേപമുണ്ട്.
'കെ സുരേന്ദ്രന്‍റെ മകന്‍റേത് അനധികൃത നിയമനം'; അന്വേഷണം വേണമെന്ന് ഇ പി ജയരാജന്‍
പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്നാണ് ആർജിസിബി വിശദീകരിക്കുന്നത്. ട്രേഡിന് പുറത്തുള്ള ചോദ്യങ്ങൾ അടിസ്ഥാനപ്പെടുത്തി എഴുത്ത് പരീക്ഷ. പിന്നാലെ ആദ്യഘട്ടപട്ടികയിൽ നിന്ന് നാല് പേരിലേക്ക് മാത്രം ചുരുക്കി പ്രാക്ടിക്കൽ പരീക്ഷ. ഒടുവിൽ ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന് നിയമനവും. ഏതായാലും നടപടി ക്രമങ്ങൾ പാലിച്ചെന്ന് വിശദീകരിക്കുന്ന നിയമനത്തിൽ ബാഹ്യ ഇടപെടലിനുള്ള സാധ്യത തള്ളാനാകാത്ത തരത്തിൽ ദുരൂഹതയും സംശയങ്ങളും ബാക്കിയാണ്.