
കോഴിക്കോട്: ഉന്നത ഉദ്യോഗസ്ഥരുടെ നിയമനം സംബന്ധിച്ച് കാലിക്കറ്റ് സർവ്വകലാശാല ഹൈക്കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയതായി പരാതി. സിന്‍റിക്കേറ്റ് യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ രജിസ്ട്രാറെ നിയമിക്കാൻ തീരുമാനിച്ചു എന്നാണ് സത്യവാങ്മൂലം. എന്നാൽ യോഗത്തിൽ ഇക്കാര്യം ചർച്ച പോലും ചെയ്തിട്ടില്ലെന്ന് കാണിച്ച് സിന്‍റിക്കറ്റ് അംഗം റഷീദ് അഹമ്മദ് ഗവർണർക്ക് പരാതി നൽകി.
യൂണിവേഴ്സിറ്റികളിൽ സ്ഥിരമായി നിയമിക്കപ്പെട്ട രജിസ്ട്രാർമാരെ പിരിച്ച് വിട്ട് ഇനി മുതൽ നിശ്ചിത കാലത്തേക്ക് നിയമിച്ചാൽ മതിയെന്ന് നിയമ ഭേദഗതി വന്നത് കഴിഞ്ഞ വർഷമാണ്. നാല് വർഷമാണ് രജിസ്ട്രാറുടെ പരമാവധി കാലാവധി.നിയമനം പിഎസ്സി വഴി ആയിരിക്കണം. നിയമനം നടക്കാത്തിടത്തോളം സർക്കാർ സർവ്വീസിലുള്ളവരിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം നടത്തേണ്ടത്.
ഈ ചട്ടം ലംഘിച്ച് കാലിക്കറ്റ് സർവ്വകലാശാലയിൽ രജിസ്ട്രാറായി സ്വകാര്യ കോളേജ് അധ്യാപകനെ നിയമിച്ച നടപടി ചോദ്യം ചെയ്ത് സെനറ്റ്അംഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിക്കവേയാണ് രജിസ്ട്രാർ തസ്തിക യിൽ സ്ഥിര നിയമനം നടത്താൻ സെപ്തം 9ന് ചേർന്ന സിണ്ടിക്കേറ്റ് യോഗം തീരുമാനിച്ചെന്ന് കാണിച്ച് സർവ്വകലാശാല ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയത്.
സിന്‍റിക്കറ്റിന് പോലും അധികാരമില്ലാത്ത കാര്യം ചർച്ച ചെയ്തെന്നും തീരുമാനിച്ചെന്നും കളവ് പറഞ്ഞ വിസിയുടെ നടപടിയിൽ സംശമുണ്ടെന്നും ആരോപണമുണ്ട്. എന്നാൽ പുതിയ രജിസ്ട്രാർ നിയമനത്തിന് ആവശ്യമായ നടപടികൾ നിർദ്ദേശിക്കുകയാണ് ചെയ്തതെന്നും സത്യവാങ്മൂലത്തിൽ സ്ഥിര നിയമനം എന്ന് വന്നത് സാങ്കേതിക പിഴവാണെന്നുമാണ് വൈസ് ചാൻസലർ നൽകുന്ന വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam