ഒരേ കാലയളവില്‍ രണ്ട് ബിരുദം; ആരോഗ്യ സര്‍വകലാശാല വിസിയുടെ യോഗ്യത വിവാദത്തിൽ

Published : Feb 04, 2021, 07:45 AM ISTUpdated : Feb 04, 2021, 11:15 AM IST
ഒരേ കാലയളവില്‍ രണ്ട്  ബിരുദം; ആരോഗ്യ സര്‍വകലാശാല വിസിയുടെ യോഗ്യത വിവാദത്തിൽ

Synopsis

ഒരേ സമയം രണ്ട് സര്‍വകലാശാലകളില്‍ പ്രവേശനം തേടുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ ഡോ.മോഹൻ എങ്ങനെ പഠിച്ചെന്നാണ് ചോദ്യം. 

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല വൈസ് ചാൻസലര്‍ ഡോ.കെ.മോഹനന്‍റെ ബിരുദാനന്തര ബിരുദ യോഗ്യതകള്‍
ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്ക് പരാതി. ഒരേ കാലയളവില്‍ രണ്ട് വ്യത്യസ്ത സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടിയതിനെ ചോദ്യം ചെയ്താണ് പരാതി. അതേസമയം രണ്ട് ഡിഗ്രികളും രണ്ട് വ്യത്യസ്ത കാലയളവില്‍ പഠിച്ചതാണെന്നും ഇക്കാര്യം മെഡിക്കല്‍ കൗണ്‍സിൽ പരിശോധിച്ച് ശരിവച്ചതാണെന്നും ഡോ.കെ.മോഹനൻ പ്രതികരിച്ചു.

1988-91 കാലയളവില്‍ കേരള സര്‍വകലാശാലക്ക് കീഴിലുണ്ടായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ഡി.റേഡിയോളജി ബിരുദം , ഇക്കാലയളവില്‍ തന്നെ ദില്ലിയിലെ അലിഗര്‍ മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് പിഡീയാട്രിക്സിലും എംഡി ബിരുദം. ഡോ.കെ.മോഹനന്‍റെ ഒരേ കാലയളവിലെ ഈ രണ്ട് സര്‍ട്ടിഫിക്കറ്റുകളാണ് സംശയമുയര്‍ത്തുന്നത്. 

ഒരേ സമയം രണ്ട് സര്‍വകലാശാലകളില്‍ പ്രവേശനം തേടുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ ഡോ.മോഹൻ എങ്ങനെ പഠിച്ചെന്നാണ് ചോദ്യം. സര്‍ട്ടിഫിക്കറ്റുകൾ വ്യാജമാണോയെന്ന് കണ്ടെത്താൻ നടപടിയുണ്ടാകണമെന്നും സേവ് എഡ്യൂക്കേഷൻ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. റേഡിയോളജിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരുന്ന താൻ റേഡിയോളജി എംഡിക്ക് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കാതെ ആൾ ഇന്ത്യ പ്രവേശന പരീക്ഷ എഴുതി അലിഗര്‍ മുസ്ലിം സര്‍വകലാശാലയില്‍ ചേര്‍ന്ന് പീഡിയാട്രിക്സ് പഠിച്ചു. 

പഠനം പൂര്‍ത്തിയാക്കി തിരികെ വന്നപ്പോൾ ആദ്യം പഠിച്ചിരുന്ന റേഡിയോളജിയില്‍ സീറ്റ് ഒഴിവുണ്ടെന്ന അറിയിപ്പ് കിട്ടുകയും തുടര്‍ന്ന് വീണ്ടും ആ കോഴ്സില്‍ പ്രവേശിച്ച് പഠനം പൂര്‍ത്തിയാക്കിയെന്നുമാണ് ഡോ.മോഹനന്‍റെ വിശദീകരണം. മുമ്പ് ഡോ. പ്രവീൺ ലാല്‍ എന്ന ആൾ ഇത് സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സിലിന് പരാതി നല്‍കിയിരുന്നതാണ്. 

വിശദമായി പരിശോധിച്ചശേഷം ക്രമക്കേട് നടന്നിട്ടില്ലെന്നും ഒരേ സമയത്തല്ല പഠനം നടത്തിയതെന്നും കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയെന്നും ഡോ.മോഹൻ വിശദീകരിക്കുന്നു. ആരോഗ്യ സര്‍വകലാശാല വൈസ് ചാൻസലര്‍ പട്ടികയില്‍ സര്‍ക്കാര്‍ നോമിനിയായിരുന്ന ഡോ.പ്രവീണ ലാലിനെ ഒഴിവാക്കി ഡോ.മോഹനെ വിസി ആക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീടൊഴിയാൻ സമ്മർദം; തൃശ്ശൂരിൽ 64കാരൻ ആത്മഹത്യ ചെയ്തു
'പാട്ടിനെ പേടിക്കുന്ന പാർട്ടിയായോ സിപിഎം? പരാതി പാരഡിയേക്കാൾ വലിയ കോമഡി': പി സി വിഷ്ണുനാഥ്