ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് മന്ത്രി വിഎൻ വാസവൻ. നാല് കോടി രൂപ സ്പോൺസർഷിപ്പ് വഴി കിട്ടിയെന്ന് അറിയാമെന്നും ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡാണ്, അയ്യപ്പസംമം കാരണമാണ് സ്വർണ്ണക്കൊള്ള പുറത്ത് വന്നത്. അയ്യപ്പസംഗമം പൊളിക്കാൻ ഗൂഢാലോചന നടത്തിയത് യുഡിഎഫാണ്. ശബരിമല സ്വർണ്ണക്കൊള്ള യുഡിഎഫിന് ബൂമറാങ് ആയെന്നും വിഎൻ വാസവൻ പറഞ്ഞു. അയ്യപ്പ സംഗമത്തിന്‍റെ കണക്ക് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയില്‍ ഇന്ന് ഹാജരാക്കിയിരുന്നു. വരവ് ചെലവ് കണക്കുകളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ ദേവസ്വം ബോർഡ് മറുപടി നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കൂടാതെ, ആഗോള അയപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്ക് സെറ്റിൽ ചെയ്യാൻ ഉണ്ടെന്നും സ്പോൺസർഷിപ്പിലൂടെ നാല് കോടി രൂപ കിട്ടിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ പറഞ്ഞു. ചെലവ് അതിനേക്കാൾ കൂടുതലാണെന്നുംഇത് പരിഹരിക്കുന്നതിന് വേണ്ടി ബോർഡ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്, കൂടുതൽ സ്പോൺസർഷിപ്പ് കിട്ടുമോ എന്ന് ശ്രമിക്കും. 17ന് ബോർഡ് യോഗം ചേരും. ചെലവുകൾ വീണ്ടും പരിശോധിച്ച് എങ്ങനെ പരിഹരിക്കാം എന്ന് നോക്കുമെന്നും17 ന് മീറ്റിംഗ് കഴിയുമ്പോൾ എല്ലാം പറയാം, ആകെ 7 കോടിയോളം ചിലവാക്കി എന്നും അദ്ദേഹം വ്യക്തമാക്കി.

അതുപോലെ, ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശം. എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തലുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. പിഎസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായപ്പോള്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്‍റെ മിനുട്സിൽ ഇല്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനോയഗത്തിലെ അവ്യക്തകളും റിപ്പോര്‍ട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമവും പരാമര്‍ശിച്ച പശ്ചാത്തലത്തിൽ തിങ്കളാഴ്ച യോഗം വിളിക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം.

YouTube video player