
തൃശൂര്‍: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയത്തിനായി വോട്ട് മറിക്കാൻ എട്ടു കോടി രൂപ വാങ്ങിയെന്ന നാട്ടികയിലെ മുൻ കോൺഗ്രസ് പ്രവർത്തകൻ പി.കെ. ഫിറോസിന്‍റെ ആരോപണത്തിനെതിരെ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതാപൻ വക്കീൽ നോട്ടീസ് അയച്ചു.
മൂന്ന് തവണ എംഎൽഎയും തൃശ്ശൂർ മുൻ എംപിയും നിലവിൽ എഐസിസി സെക്രട്ടറിയുമായ പ്രതാപന്റെ പൊതുജീവിതത്തെയും വ്യക്തിത്വത്തെയും തകർക്കാനുള്ള ഗൂഢശ്രമമാണ് ഈ ആരോപണങ്ങൾക്ക് പിന്നിലെന്ന് നോട്ടീസിൽ പറയുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനം നടത്തി ഫിറോസ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത് ഇടതുപക്ഷവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും പ്രതാപൻ ആരോപിച്ചു.
24 മണിക്കൂറിനുള്ളിൽ ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും അഡ്വ. രഖേഷ് ശർമ്മ അയച്ച നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. മാപ്പപേക്ഷ നൽകുന്നതിനോടൊപ്പം 10 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പി.കെ. ഫിറോസിന്റെ പ്രസ്താവനകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനായി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി നിർമ്മിച്ചതാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam